മക്കളുടെ സിനിമകളുടെ കാര്യത്തില്‍ ആദ്യമൊക്കെ ശ്രദ്ധിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവരുടെ കാര്യത്തില്‍ തനിക്ക് റോളില്ലെന്നും പറയുകയാണ് നടന്‍ ശ്രീനിവാസന്‍.

പല കാരണങ്ങള്‍ കൊണ്ടും തിരക്ക് കൊണ്ടും രണ്ടു വഴിക്ക് ആയതില്‍പ്പിന്നെ അവരെ കാര്യമായി ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ എന്നോട് ഉപദേശം ചോദിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോയെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

അവര്‍ക്ക് കാര്യങ്ങള്‍ എല്ലാം അറിയാം. അവര്‍ അവരുടെ സ്വന്തം ഇടം കണ്ടെത്തിയെന്നാണ് എന്റെ വിശ്വാസം. കഠിനമായി അധ്വാനിക്കാതെ ഈ മേഖലയില്‍ രക്ഷയില്ലെന്ന് രണ്ടാള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഫലം കിട്ടുമെന്നും ശ്രീനിവാസന്‍ പറയുന്നു.

ഇടയ്ക്ക് ചില കാരണങ്ങള്‍ കൊണ്ട് എഴുത്തുമുടങ്ങിയെന്നും അതിന് പിന്നില്‍ വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങള്‍ ഉണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു. സ്വന്തം സിനിമ രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആശയം വിദൂരത്തിലാണെന്നും താരം പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.


Dont Miss ഭീഷണി; കുനാന്‍പോഷ്‌പോര സംഭവത്തെ കുറിച്ചുള്ള പരിപാടി അംബേദ്ക്കര്‍ സര്‍വകലാശാല മാറ്റിവെച്ചു


അല്‍പ്പനാളത്തെ ഇടവേളയ്ക്ക് ശേഷം അയാള്‍ ശശി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് ശ്രീനിവാസന്‍. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. രാഷ്ട്രീയ ആക്ഷേപ ചിത്രമാണ് അയാള്‍ ശശി. ഈ ചിത്രം താന്‍ ഏറ്റെടുത്തത് പ്രതിഫലത്തിന് വേണ്ടിയല്ലെന്നും തിരക്കഥയിലെ വ്യത്യസ്തത കൊണ്ടും പൂര്‍ണത കൊണ്ടുമാണെന്നും ശ്രീനിവാസന്‍ പറയുന്നു.

ഈ ചിത്രത്തിന് വേണ്ടി 12 കിലോ വരെ ഭാരം കുറച്ചു. ശാരീരികമായി അവശത തോന്നുന്ന തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. പച്ചക്കറിയും പഴങ്ങളും മാത്രം കഴിച്ചാണ് ശരീരഭാരം കുറച്ചതെന്നും ശ്രീനിവാസന്‍ പറയുന്നു.