മഞ്ചേരി: ചില എം.എല്‍.എമാര്‍ നിയമസഭയില്‍ മദ്യപിച്ചെത്തുന്നവരുണ്ടെന്ന പ്രസ്താവന മന്ത്രി പി.കെ ശ്രീമതി തിരുത്തി. പ്രസ്താവന തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന് കരുതിക്കോളൂയെന്നാണ് ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മന്ത്രി പി.കെ.ശ്രീമതി മറുപടി പറഞ്ഞത്. പ്രസ്താവന തിരുത്തുകയാണോ എന്ന ചോദ്യത്തിന് തെറ്റിദ്ധാരണ സംഭവിച്ചു എന്നു പറഞ്ഞാല്‍ പിന്നെ തിരുത്തി എന്നല്ലാതെ മറ്റെന്താണ് അര്‍ത്ഥമെന്നായിരുന്നു മന്ത്രിയുടെ തിരിച്ചുള്ള ചോദ്യം.

മദ്യപിച്ചെത്താറില്ലെന്ന് എം.എല്‍.എമാര്‍ പറയുന്നുണ്ടെങ്കില്‍ അതായിരിക്കും ശരിയെന്നും തനിക്ക് തെറ്റുപറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ശ്രീമതി ടീച്ചര്‍ തിരുത്തിയത്. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സി.ടി. സ്‌കാന്‍ സെന്റര്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ശ്രീമതി ടീച്ചര്‍.

ശ്രീമതി പറഞ്ഞത്

അപൂര്‍വ്വം ചില സാമാജികര്‍ മദ്യപിച്ച് നിയമസഭയിലെത്തുന്നുണ്ട്. ഇത് കേരളത്തിന് അപമാനമാണ്. രാവിലെ എട്ടരയാവുമ്പോഴേക്കും മദ്യം അകത്താക്കിയാണ് ഇവര്‍ സഭയിലെത്തുന്നത്. മദ്യപിച്ചതുകാരണം പലരുടെയും നാവുകള്‍ പിഴയ്ക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മദ്യാസക്തിക്കെതിരെ മഹിളാ അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ജാഗ്രതാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്.