സിഡ്‌നി: മഴമൂലം 41 ഓവറാക്കി ചുരുക്കിയ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ തറപറ്റിച്ച് ശ്രീലങ്കന്‍ ടീം വിജയം കണ്ടു. 159 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 24.1 ഓവറില്‍ തന്നെ ലക്ഷ്യം കാണുകയായിരുന്നു. ഡി.എന്‍ മെത്തേഡ് പ്രകാരം 152 റണ്‍സാണ് ശ്രീലങ്ക എടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയയാണ് ആദ്യം ബാറ്റ് ചെയ്തത്.

ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 40.5 ഓവറില്‍ 158 റണ്‍സ് എടുത്ത് ഓസ്‌ട്രേലിയ ഓള്‍ ഔട്ട് ആയി.

ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്. 21 പന്തില്‍ 13 റണ്‍സെടുത്ത ഡേവിഡ് മലിംഗയാണ് വാര്‍ണറെ പുറത്താക്കിയത്. അധികം വൈകാതെ തന്നെ റിക്കി പോണ്ടിംഗും മെഹ്‌റൂഫിന്റെ പന്തില്‍ പുറത്തായി. പോണ്ടിംഗിന് 2 റണ്‍ മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.

15 റണ്‍സെടുത്ത മാത്യൂ വാഡേ റണ്‍ ഔട്ട് ആവുകയും ചെയ്തു. പിന്നീട് എത്തിയ മൈക്കല്‍ ഹസ്സി 13 റണ്‍സ് ചേര്‍ത്ത് മാത്യൂസിന്റെ പന്തില്‍ മടങ്ങി. 16 റണ്‍സ് എടുത്ത പീറ്റര്‍ ഫോറസ്റ്റും 6 റണ്‍സ് എടുത്ത ഡാനിയല്‍ കൃസ്റ്റിയനും പുറത്തായതോടെ ഓസ്‌ട്രേലിയന്‍ പതനം ഏതാണ്ട് പൂര്‍ണ്ണമായതായിരുന്നു.

പിന്നീട് എത്തിയ ക്ലിന്റ് മേക്കി(3)യ്ക്കും ബ്രെറ്റ് ലീ(0)യ്ക്കും ടീമിനെ കരകയറ്റാനായില്ല. എന്നാല്‍ 58 റണ്‍സെടുത്ത ഡേവിഡ് ഹസ്സി ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചു.

159 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കന്‍ ടീമില്‍ 61 റണ്‍സ് എടുത്ത് ജയവര്‍ദ്ധന മികച്ച അടിത്തറ നല്‍കി പുറത്താകാതെ നിന്നു. 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ദില്‍ഷനും 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സങ്കക്കാരയും മടങ്ങിയപ്പോള്‍ ലങ്കന്‍ വിജയം പൂര്‍ണമായി.

വിജയക്കുതിപ്പിനിടെ കഴിഞ്ഞ കളിയില്‍ ഇന്ത്യയോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ് ആതിഥേയര്‍ ഇറങ്ങിയത്. എന്നാല്‍, ഇന്ത്യയോട് ആവേശകരമായ ടൈ പിരിച്ച ശ്രീലങ്കക്ക് ഫൈനലിലേക്ക് ഏതെങ്കിലും തരത്തിലുള്ള സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ കഴിയുമായിരുന്നുള്ളു. ഈ വി്ജയത്തോടെ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത ഏതാണ്ട് ഉറപ്പായി.

പരിക്കേറ്റ ക്യാപ്റ്റന്‍ മൈക്കല്‍ കഌര്‍ക്കിന്റെ അഭാവത്തില്‍ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിങ്ങാണ് ഇന്ന് ഓസീസിനെ നയിച്ചത്. ലങ്കന്‍ നിരയും രണ്ടു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. മോശം ഫോം തുടരുന്ന ഓപ്പണര്‍ ഉപുല്‍ തരംഗയെയും സചിത്ര സേനനായകയെയും ഒഴിവാക്കി. ലഹിരു തിരിമനെ, ഫര്‍വീസ് മഹറൂഫ് എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി.

Malayalam News

Kerala NewsIn English