ഹൈദരാബാദ്: ആന്ധപ്രദേശിലെ ശ്രീകാകുളത്ത് താപവൈദ്യുതി നിലയത്തിനെതിരെ നടന്ന പ്രകടനത്തിന് നേരെ പോലീസ് വെടിവെപ്പ്. രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഒറീസയുടെ അതിര്‍ത്തിപ്രദേശമായ വഡിതന്ത്രയില്‍ സ്ഥാപിക്കുന്ന വിവാദമായ 2,640 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയത്തിനെതിരെയാണ് ഗ്രാമവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്.

ഇരുമ്പുവടികളും കല്ലുകളുമായി അക്രമാസക്തരായി എത്തിയ ഗ്രാമീണരെ പിരിച്ചുവിടാന്‍ പോലീസ് ആദ്യം ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പിന്നീട് റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചു. ജനം പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് കൂടുതല്‍ ക്ഷുഭിതരായ ജനക്കൂട്ടം ഏതാനും പോലീസ് വാഹനങ്ങള്‍ക്കു തീയിട്ടു.

പന്ത്രണ്ടായിരം കോടി രൂപ ചിലവില്‍ ഈസ്റ്റ് കോസ്റ്റ് എനര്‍ജി സ്ഥാപിക്കുന്ന താപവൈദ്യുതി നിലയം പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥ നശിപ്പിക്കും എന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ഗ്രാമീണര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ആന്ധ്രയിലെ തന്നെ സോംപേട്ടില്‍ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന താപവൈദ്യുതി നിലയത്തിനെതിരെയും സമാനമായ രീതിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. കഴിഞ്ഞ ജൂലായില്‍ ഇവിടെ രണ്ട് പ്രക്ഷോഭകാരികള്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.