തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിന് മുന്‍പില്‍ സമരം നടത്തിയ കാരണത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. തങ്ങള്‍ നടത്തിയത് സര്‍ക്കാറിനോ ഭരണകൂടത്തിനോ എതിരല്ലന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ വരുത്തിയ വീഴ്ചയ്ക്ക് എതിരായാണ് തങ്ങള്‍ സമരം ചെയ്തത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കും.സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനാലാണ് സമരം ചെയ്യേണ്ടി വന്നത്. ജയിലില്‍ കഴിയുന്ന ഷാജര്‍ഖാനും ഭാര്യ മിനിയ്ക്കും നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു കുടുംബം സമരം നടത്തിയിരുന്നത്. പാര്‍ട്ടി-സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി നടപടിയെടുത്തത്.


Don’t Miss: ഭര്‍ത്താവിനെ അപമാനിച്ച ടീമുടയ്ക്ക് കിടിലന്‍ മറുപടിയുമായി ധോണിയുടെ ഭാര്യ സാക്ഷി സിംഗ്


അഞ്ച് ദിവസമായി നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസമായിരുന്നു കുടുംബം അവസാനിപ്പിച്ചിരുന്നത്. സമരം അവസാനിപ്പിച്ചതുള്‍പ്പെടെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കുടുംബത്തിന്റെ സമരങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും മുന്നില്‍ നിന്ന് നയിച്ചതും ശ്രീജിത്തായിരുന്നു.

എന്നാല്‍ മഹിജയുടെ തീരുമാനങ്ങള്‍ അറിയിക്കുക മാത്രമാണ് താനെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. കുടുംബത്തിനെതിരായ പൊലീസ് നടപടി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിന് വഴിതെളിയിച്ചിരുന്നു.