എഡിറ്റര്‍
എഡിറ്റര്‍
മുര്‍സിയുടെ ബ്രദര്‍ഹുഡും ഇന്ത്യന്‍ ബ്രദേഴ്‌സും..
എഡിറ്റര്‍
Monday 28th January 2013 8:26pm

മുബാറക്കിന്റെ പാതയില്‍ തന്നെയണ് മുര്‍സിയും സഞ്ചരിക്കുന്നത് എന്ന് ഈജിപ്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന തെല്ലും ശുഭസൂചകമല്ലാത്ത വാര്‍ത്തകള്‍ വെളിവാക്കുന്നു. ജനാധിപത്യത്തിന്റെ പുനസ്ഥാപനം അല്ല, മതാധിപത്യം ദൃഢപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ശ്രീജിത്ത് കൊണ്ടോട്ടി എഴുതുന്നു.


എസ്സേയ്‌സ് /ശ്രീജിത്ത് കൊണ്ടോട്ടി
Sreejith-Kondottyഅറബ് വസന്തത്തില്‍ വിരിഞ്ഞ മുല്ലപ്പൂക്കള്‍ ജനാധിപത്യത്തിന്റെ പരിമളം പരത്തുമെന്ന് അവകാശപ്പെട്ടിരുന്ന ഈജിപ്തില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളൊന്നും തെല്ലും ജനാധിപത്യപരമല്ല. പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയുടെ ഏകാധിപത്യ ഭരണ രീതിയും, വികലമായ പരിഷ്‌കരണങ്ങള്‍ മൂലം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളും ഈജിപ്തിയില്‍ വീണ്ടും ജനാധിപത്യ പ്രക്ഷോപങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

തെരുവുകളിലേക്ക് വ്യാപിക്കുന്ന ജനകീയ പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതിനിടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം 49 പേരാണ് മരണപ്പെട്ടത്. സുരക്ഷാസേനയുടെ ആക്രമണങ്ങളില്‍ നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഉണ്ടായി.

പ്രതിപക്ഷ കക്ഷികളുടെ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചിരിക്കുന്ന നഗരങ്ങളില്‍ കര്‍ഫ്യൂവും, അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസിഡണ്ട് മുര്‍സി ജനാധിപത്യ സമരങ്ങളെ നേരിടുന്നത്. വിപ്ലവത്തിന്റെ ജനാധിപത്യ ലക്ഷ്യം കൈവരിക്കാന്‍ മുര്‍സിക്ക് ആവില്ലെന്നും, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നുമുള്ള പ്രതിപക്ഷ വാദത്തെ മുഖവിലക്കെടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നുമില്ല.

Ads By Google

മുഹമ്മദ് മുര്‍സി അധികാരമേറ്റതിന് ശേഷമാണ് പ്രവാചക നിന്ദ ആരോപിക്കപ്പെട്ട സിനിമയുടെ പേരില്‍ ഈജിപ്തുകാരായ ഏഴ് കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് വിചാരണ പോലും കൂടാതെ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ അതിലും ഭീകരമായ വാര്‍ത്തകളാണ് ഭരണഘടന ഭേദഗതിക്ക് ശേഷവും ഈജിപ്തില്‍ നിന്നായി വന്നുകൊണ്ടിരിക്കുന്നത്.

വീഡിയോ ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ബ്ലോഗറും, നാസ്തികനുമായ ആല്‍ബര്‍ സാബെര്‍ എന്ന ഇരുപത്തിയേഴുകാരനെ പ്രവാചകനിന്ദ കുറ്റം ചുമത്തി തുറുങ്കിലടച്ചത് ഈയിടെ ആണ്.

ഒന്‍പതും, പത്തും വയസ്സ് മാത്രം പ്രായം വരുന്ന രണ്ടു കുട്ടികളെ ‘മതനിന്ദ‘ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.ഖുര്‍ആന്റെ കോപ്പി മലിനമാക്കി എന്നായിരുന്നു ആ കുട്ടികള്‍ക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കെയ്‌റോയിലെ കോടതി ഒരു സ്ത്രീക്കും, അവരുടെ അഞ്ച് മക്കള്‍ക്കും പതിനഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച നടപടി ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികളെ വെളിവാക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തില്‍ മതസ്വാതന്ത്ര്യം കൂടി ഉള്‍പ്പെടും എന്നതിനാല്‍ ഭരണഘടനയിലെ തുല്യാവകാശവാദം പ്രതിപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ എഴുതിചേര്‍ത്തതാണെന്ന് വ്യക്തം.

മതനിന്ദ, ദൈവനിന്ദ, പ്രവാചക നിന്ദ തുടങ്ങിയവ ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങള്‍ ആയി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും, വിമര്‍ശനങ്ങള്‍ക്കും എതിരെ ഉഗ്രശേഷിയുള്ള ഒരു മര്‍ദ്ദനോപാധി ആയിട്ടായിരിക്കും ഒരു ബഹുസ്വര സമൂഹത്തില്‍ അവ പ്രവര്‍ത്തിക്കുക. മതം നിയന്ത്രിക്കുന്ന ഒരു ഭരണവ്യവസ്ഥയില്‍ അതിന്റെ പരിധിയും, മാനദണ്ഡങ്ങളും, നിശ്ചയിക്കുന്നതും ശിക്ഷാവിധികളെ കുറിച്ച് വ്യക്തത വരുത്തുന്നതും അതുമായി ബന്ധപ്പെട്ട സഭയായിരിക്കും.

ഈജിപ്തിനെ പോലുള്ള ഒരു രാഷ്ട്രത്തില്‍ മതവിമര്‍ശകര്‍ക്കും, ന്യൂനപക്ഷ മതവിശ്വാസികള്‍ക്കും എതിരെ സര്‍ക്കാരിനും, ഔദ്യോഗിക മതത്തിന്റെ വക്താക്കള്‍ക്കും എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ഒന്നാണിത്. നമ്മുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പ്രതികാര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്.

വീഡിയോ ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ബ്ലോഗറും, നാസ്തികനുമായ ആല്‍ബര്‍ സാബെര്‍ എന്ന ഇരുപത്തിയേഴുകാരനെ പ്രവാചകനിന്ദ കുറ്റം ചുമത്തി തുറുങ്കിലടച്ചത് ഈയിടെ ആണ്.

മുര്‍സിയുടേത് പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ്. ഈജിപ്തിലെ മനുഷ്യാവകാശ സംഘടനകളുടെയും, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഭരണകൂടം ഏകാധിപത്യ രീതികളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളെ കുറിച്ചും, ആവിഷ്‌കാര സ്വാതന്ത്രത്തെ കുറിച്ചും മുറവിളികൂട്ടുന്നവര്‍ തന്നെയാണ് ഈജിപ്തിലെ ഫാസിസ്റ്റ് നിലപാടുകാരുടെ ഇന്ത്യന്‍ പ്രചാരകര്‍ ആകുന്നത് എന്നത് ഏറെ വിരോധാഭാസമാണ്.

ഈജിപ്തില്‍ പുതിയ ഭരണ ഘടനക്കെതിരെയും, പ്രസിഡണ്ട് മുര്‍സിയുടെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോപങ്ങള്‍ നടത്തുന്നതും, കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും കേവലം ഭരണഘടന വകുപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല. ജനാധിപത്യ മതേതര ഭരണഘടകളെപ്പോലും ജനവിരുദ്ധമായി ഉപയോഗിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇന്ത്യ തന്നെ മികച്ച ഉദാഹരണമാണല്ലോ.

ഭരണാധികാരികള്‍ക്കും, ജുഡീഷ്യറിക്കും എളുപ്പത്തില്‍ ജനവിരുദ്ധമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആണ് ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് സൂക്ഷ്മ വായനയില്‍ വ്യക്തമാകും. അതിന്റെ സൂചനകള്‍ തുടക്കം മുതല്‍ തന്നെ കണ്ടുതുടങ്ങിയിരിക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement