എഡിറ്റര്‍
എഡിറ്റര്‍
ബന്ധുത്വ രാഷ്ടീയത്തിലെ വര്‍ഗീയ വിഷവിത്തുകള്‍
എഡിറ്റര്‍
Sunday 6th January 2013 8:57am

വരുണ്‍ ഗാന്ധിമാരുടേയും, അക്ബറുദ്ദീന്‍ ഉവൈസിമാരുടെയും വാക്കുകളിലൂടെ പുറത്തേക്ക് വമിക്കപ്പെടുന്ന വര്‍ഗീയ വിഷം ലക്ഷക്കണക്കിന് യുവാക്കളുടെ സിരകളിലേക്ക് പടരുകയാണ് ചെയ്യുന്നത്. ‘തക്ബീര്‍’ മുഴക്കിയും, ‘ജയ്ശ്രീരാം’ വിളികളോടെയും ആണ് ബന്ധുത്വരാഷ്ട്രീയത്തില്‍ പിറന്നുവീണ വിഷവിത്തുകളെ  അവര്‍ ഏറ്റെടുക്കുന്നത് എന്നത് ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തെ സംബന്ധിച്ച് ആശങ്കാജനകമായ സംഗതിയാണ്. ശ്രീജിത്ത് കൊണ്ടോട്ടി എഴുതുന്നു.


Akbaruddin Uvaisyഎസ്സേയ്‌സ് /ശ്രീജിത്ത് കൊണ്ടോട്ടി
Sreejith-Kondottyമജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ആന്ധാപ്രദേശിലെ ചന്ദ്രയാന്‍ഗുട്ട എം.എല്‍.എയുമായ അക്ബറുദ്ദീന്‍ ഉവൈസി ഹൈദ്രാബാദിലെ പാര്‍ട്ടി പൊതുയോഗത്തില്‍ വച്ച് നടത്തിയ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. സമൂഹിക സ്പര്‍ദ്ദ വളര്‍ത്തുന്ന ആ വിദ്വേഷ പ്രസംഗം പരസ്യമായ ഒരു യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു എന്നുവേണം വിലയിരുത്താന്‍.

Ads By Google

ഡിസംബര്‍ മാസം 24ന് അന്‍പതിനായിരത്തോളം വരുന്ന പാര്‍ട്ടി അണികള്‍ക്ക് മുന്‍പില്‍ നടത്തിയ ദേശവിരുദ്ധ പരമാര്‍ശങ്ങളുടെ പേരില്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭാംഗം എന്ന നിലയില്‍ നഗ്‌നമായ സത്യപ്രതിജ്ഞ ലംഘനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

എം.ഐ.എം പാര്‍ട്ടി ചെയര്‍മാനും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗ ശൈലികൊണ്ട് യുവാക്കളായ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്നയാളാണ്. അതിന്റെ പേരില്‍ ഇതിന് മുന്‍പും നിരവധി കേസുകളില്‍ പ്രതിയുമായിട്ടുണ്ട് ഇദ്ദേഹം.  ബി.ജെ.പി നേതാവ് കെ. കരുണാസാഗര്‍ ഹൈദ്രാബാദ് കോടതിയിലും, സാമൂഹ്യപ്രവര്‍ത്തക ശബ്‌നം ഹാഷ്മി ദല്‍ഹിയിലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉവൈസിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ ദേശീയ മാധ്യമങ്ങള്‍ അധികം ഏറ്റെടുക്കാതിരുന്ന  ഈ വിഷയം ജനുവരി രണ്ടാം തീയതിയിലെ ‘ടൈംസ് നൌ’ ചാനലില്‍ പ്രാധാന വിഷയമായി അര്‍ണബ് ഗോസ്വാമി ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് പരസ്പരം വിമര്‍ശിക്കുകയും ന്യായീകരണങ്ങള്‍ ചമയ്ക്കുകയും ചെയ്തു എന്നല്ലാതെ പ്രധാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച അധികം നീണ്ടുപോയില്ല.

വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ചവര്‍ ആണ് ഉവൈസിക്ക് എതിരെ ആദ്യം നിയമനടപടികളുമായി വന്നത് എന്നത് കൌതുകകരമായി തോന്നുന്നു. അന്ന് വരുണ്‍ ഗാന്ധിക്കെതിരെ പറഞ്ഞവരില്‍ പലരും ഇന്ന് മൗനത്തിലും ആണ്.

പൊളിറ്റിക്കല്‍ ഹിന്ദുത്വവും പൊളിറ്റിക്കല്‍ ഇസ്‌ലാമിസവും ഒരു മതേതര സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ച് ആശങ്കപ്രകടിപ്പിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് കമാല്‍ ഫാറൂഖി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. സംഘപരിവാരത്തെ സഹായിക്കുന്ന ഭരണകൂട നിലപാടുകള്‍ മുസ്ലീം തീവ്രവാദ സംഘങ്ങളുടെ വളര്‍ച്ചക്ക് കാരണമാവുകയാണ്.

യോഗി ആദിത്യനാഥ് തൊട്ട് പ്രവീണ്‍ തൊഗാഡിയ വരെയുള്ള വിദ്വേഷ പ്രചാരകര്‍ ആയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഭൂരിപക്ഷന്യൂനപക്ഷ ഭേദമില്ലാതെ മതവര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് കമാല്‍ ഫാറൂഖി ആവശ്യപ്പെട്ടത്.

കേരളം ഭീകരവാദികളുടെ കേന്ദ്രമാണെന്നും, അബ്ദുല്‍ നാസര്‍ മഅദനി അവരുടെ തലവന്‍ ആണെന്നുമുള്ള കാര്യത്തില്‍ പ്രസ്തുത ചര്‍ച്ചയില്‍ ഉവൈസിയെ ന്യായീകരിച്ചവര്‍ക്ക് പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായി തോന്നിയ കാര്യം. പന്ത്രണ്ട് വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ ജയിലില്‍ വിചാരണപോലും നിഷേധിക്കപ്പെട്ട് കഴിയുന്ന മഅദനിയെ ആര്‍.എസ്സ്.എസ്സ് നേതാവ് രാകേഷ് സിന്‍ഹ  ഭീകരവാദി എന്ന് ആവര്‍ത്തിച്ചു വിളിക്കുമ്പോള്‍ ശശികല ടീച്ചര്‍ മുതല്‍ പ്രവീണ്‍ തൊഗാഡിയ വരെയുള്ള സംഘപരിവാര്‍ നേതാക്കളെ ന്യായീകരിക്കാനും ധാരാളം സമയം കണ്ടെത്തി.

വര്‍ഗീയ വിഷം തുപ്പുന്ന തൊഗാഡിയമാരെയും ഉവൈസിമാരെയും പോലുള്ള യഥാര്‍ത്ഥ തീവ്രവാദികള്‍ മതരാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ കണ്ണ് വെട്ടിക്കുന്നു. പറയത്തക്ക വോട്ട് ബാങ്കോ, രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്ത മഅദനിമാര്‍ വിചാരണപോലും നിഷേധിക്കപ്പെട്ട്, ഭീകരവാദ മുദ്രകുത്തപ്പെട്ട് ഇരുട്ടറകളില്‍ കഴിയുകയും ചെയ്യുന്നു എന്നത് ഏറെ വിരോധാഭാസമാണ്.

Shabnam-Hashmiപൊളിറ്റിക്കല്‍ ഹിന്ദുത്വവും, പൊളിറ്റിക്കല്‍ ഇസ്‌ലാമിസവും ഒരു സെക്കുലര്‍ സമൂഹത്തിന് വലിയ വിപത്താണ് സൃഷ്ടിക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ചെലുത്തുന്ന ദുസ്വാധീനം ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തെ ശിഥിലമാക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ വെറുപ്പിന്റെ രാഷ്ട്രീയപ്രചാരകളില്‍ അക്ബറുദ്ദീന്‍ ഉവൈസിയുടേത് ആദ്യത്തേതോ, ഒറ്റപ്പെട്ടതോ ആയ പേരല്ല. ഇന്ത്യ മുഴുവന്‍ വേരുകള്‍ പടര്‍ന്നുകിടക്കുന്ന സംഘപരിവാര വും ആന്ധ്രാപ്രദേശിലെ ഒന്നുരണ്ടു ജില്ലകളില്‍ മാത്രം നിര്‍ണായകമായ സ്വാധീനം ഉള്ള എം.ഐ.എമ്മും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മറ്റു തീവ്രവാദ സംഘടനകളും പ്രചരിപ്പിക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയം തന്നെയാണ്.

ഉവൈസിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന സാമൂഹ്യപ്രവര്‍ത്തക ശബ്‌നം ഹാഷ്മി എം.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി സന്ദേശങ്ങളും, അധിക്ഷേപങ്ങളുമാണ് വലിയതോതില്‍ നേരിടുന്നത്. ആര്‍.എസ്.എസ്സും, എം.ഐ.എമ്മും ഒരേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആണെന്നാണ് അവര്‍ അഭിപ്രയപ്പെട്ടതും.

വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ചവര്‍ ആണ് ഉവൈസിക്ക് എതിരെ ആദ്യം നിയമനടപടികളുമായി വന്നത് എന്നത് കൌതുകകരമായി തോന്നുന്നു. അന്ന് വരുണ്‍ ഗാന്ധിക്കെതിരെ പറഞ്ഞവരില്‍ പലരും ഇന്ന് മൗനത്തിലും ആണ്. ഒരു തെറ്റിനെ മറ്റൊന്നുമായി താരതമ്യം ചെയ്തു നിസ്സാരവല്‍ക്കരിച്ചുകാണുന്നത് ന്യായീകരിക്കാനാവില്ല.

ഇന്ത്യന്‍ യുവത്വത്തെ മതത്തിന്റെ പേരില്‍ വിഘടിപ്പിക്കുന്ന, വര്‍ഗീയവല്‍ക്കരിക്കുന്ന ഇതുപോലുള്ള യുവരാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

2009ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ദേശവിരുദ്ധ പ്രസ്താവന നടത്തിയ വരുണ്‍ ഗാന്ധിയുടെ കയ്യില്‍ ഭഗവദ്ഗീതയുണ്ടായിരുന്നു. ‘ഹിന്ദുക്കള്‍ എതിരെ നീളുന്ന കൈകള്‍ വെട്ടുമെന്നും, ഇന്ത്യ ഹിന്ദുക്കളുടെതാണെന്നുമെല്ലാം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ ‘ജയ് ശ്രീറാം’ മുഴക്കിയാണ് ആയിരങ്ങള്‍ അതിനെ സ്വീകരിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement