രതിനിര്‍വേദം കണ്ടവരാരും പപ്പുവിനെ മറുന്നുകാണില്ല. രതിനിര്‍വേദം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും വരുമ്പോള്‍ പപ്പു ആരായിരിക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടായിരുന്നു. രതിച്ചേച്ചിയായി ശ്വേതമേനോന്‍ വേഷമിടുന്നു എന്നറിഞ്ഞു. എന്ന് പപ്പു ആരാണെന്ന കാര്യത്തില്‍ മാത്രം ഇതുവരെ വിവരമൊന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ പപ്പുവിനുവേണ്ടിയുള്ള സംവിധായകന്‍ രാജീവ് കുമാറിന്റെ അന്വേഷണം സഫലമായിരിക്കുകയാണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ശ്രീജിത്തായിരിക്കും പപ്പുവിനെ അവതരിപ്പിക്കുക. ഫാസിലിന്റെ ലിവിംഗ് ടുഗതര്‍ എന്ന ചിത്രത്തില്‍ ഉപനായകനായി ശ്രീജിത്ത് എത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരുന്നതാണ്. എന്നാല്‍ പപ്പുവിനെ കിട്ടാത്തതിനെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാനാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

പത്മരാജനും ഭരതനും ചേര്‍ന്ന് 32 വര്‍ഷം മുന്‍പൊരുക്കിയ രതിനിര്‍വേദത്തില്‍ കൗമാരചാപല്യങ്ങളുമായി നടക്കുന്ന പയ്യന്റെ വേഷം കൃഷ്ണചന്ദ്രനായിരുന്നു ചെയ്തത്. ആ സിനിമയിലൂടെ കൃഷ്ണചന്ദ്രനും ജയഭാരതിയും സിനിമാചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.