കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് അനുകൂലമായി പെണ്‍കുട്ടി കോടതിയില്‍. ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പെണ്‍കുട്ടി പറയുന്നത്.

ഗംഗേശാനന്ദയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റേതെന്ന തരത്തിലുള്ള മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. പൊലീസ് ഭീഷണി ഭയന്നാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കിയതെന്നും പെണ്‍കുട്ടി സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ എഫ്.ഐ.ആറില്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല പൊലീസ് ചേര്‍ത്തത്. സ്വാമി നിരപരാധിയാണ്. പൊലീസ് ബലം പ്രയോഗിച്ചാണ് തന്നെ നിര്‍ഭയ ഹോമിലാക്കിയതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ ഗംഗേശാനന്ദ നല്‍കിയ ജാമ്യാപേക്ഷയിലാണ് പെണ്‍കുട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എന്നാല്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നു പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു.

അതിനിടെ, സ്വാമിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.


Must Read:പ്രവര്‍ത്തകര്‍ എത്തിയില്ല: യൂണിവേഴ്‌സിറ്റി കോളജിനു മുമ്പില്‍ കൊടി ഉയര്‍ത്താനുള്ള എ.ബി.വി.പി പദ്ധതി പൊളിഞ്ഞു


നേരത്തെ യുവതിയുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും യുവതിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിനു വഴിവെച്ചതെന്നു കാണിച്ചാണ് ഗംഗേശാനന്ദയുടെ അമ്മ പരാതി നല്‍കിയത്.

കാമുകന്‍ അയ്യപ്പദാസ് ആവശ്യപ്പെട്ടതു പ്രകാരമാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെണ്‍കുട്ടി പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു.