ബോളിവുഡിന്റെ താരറാണി ശ്രീദേവി വീണ്ടും വെള്ളിത്തിരയിലേക്ക്. ഗൗരി ഷിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി തിരിച്ചുവരവിനൊരുങ്ങുന്നത്. ജൂലൈ ആദ്യവാരം ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ശ്രീദേവി..

2004ല്‍ പ്രദര്‍ശനത്തിനെത്തിയ മേരി ബീവി കാ ജവാബ് നഹി എന്ന ചിത്രമാണ് ശ്രീദേവിയുടെ അവസാനം റിലീസ് ചെയ്ത സിനിമ. 90 കളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ റിലീസിംഗ് ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു.14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിനിമ ചെയ്യാന്‍ എന്തായിരുന്നു പ്രേരണ….

ഈ ചിത്രത്തിന്റെ സംവിധായികയോടും തിരക്കഥാകൃത്തിനോടുമാണ് എനിക്ക് നന്ദി പറയാനുള്ളത്. തിരക്കഥ കേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. അങ്ങനെ ഞാനീ സിനിമ ചെയ്യാമെന്നേല്‍ക്കുകയായിരുന്നു.

ചിത്രത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയോ…

തീര്‍ച്ചയായും. കഥാപാത്രത്തിനാവശ്യമുള്ള കോസ്റ്റ്യൂംസ് ഞങ്ങള്‍ വാങ്ങിക്കഴിഞ്ഞു.

ആദ്യത്തെ വനിതാ സംവിധായികയെക്കുറിച്ച്..

ഞാനിതുവരെ വനിതാസംവിധായകരുടെ പടത്തില്‍ അഭിനയിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ പുതിയൊരനുഭവമാണ്. ഗൗരി ഷിന്‍ഡെ എന്ന സംവിധായികയെ കണ്ടുമുട്ടിയപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയതുപോലെയായിരുന്നു.

സിനിമയില്‍നിന്നും വിട്ടുനിന്നപ്പോള്‍ നഷ്ടബോധമുണ്ടായിരുന്നോ…

ഒരിക്കലുമില്ല. കുട്ടികളെ നോക്കുന്നതിലും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു.തന്നെയുമല്ല ഒരു നിര്‍മ്മാതാവിന്റെ ഭാര്യ എന്ന നിലയില്‍ സിനിമ മേഖലയില്‍നിന്നും വിട്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല.

ഇപ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം…

ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്റെ മക്കളും അക്കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്.

അവസാനമായി അഭിനയിച്ച ചിത്രത്തെക്കുറിച്ച്…

ജുദായി ആണ് ഞാന്‍ അവസാനം അഭിനയിച്ച ചിത്രം. അതിനുശേഷം നീണ്ട 14 വര്‍ഷത്തെ ഇടവേള. എന്റെ തിരിച്ചുവരവോര്‍ത്ത് ഭര്‍ത്താവും മക്കളും ആകാംക്ഷയിലാണ്.

മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച്…

സിനിമയില്‍ അഭിനയിക്കുന്നത് അവരുടെ താല്‍പര്യത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. ഏതുമേഖലയായാലും കഠിനാധ്വാനമില്ലാതെ പിടിച്ചുനില്‍ക്കാനാകില്ല.