Administrator
Administrator
ആക്രമിച്ചവര്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍: പ്രശാന്ത് ഭൂഷണ്‍
Administrator
Wednesday 12th October 2011 8:59pm

ന്യൂദല്‍ഹി: തന്നെ ആക്രമിച്ചവര്‍ ശ്രീരാമസേന പ്രവര്‍ത്തകരാണെന്നും ഈ സംഘടനയെ നിരോധിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍. കശ്മീര്‍ പ്രശ്‌നത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായാണ് ഇവര്‍ ആക്രമത്തിന് തുനിഞ്ഞതെന്നും കാശ്മീരിനെ കുറിച്ച് എന്തോ ഉറക്കെ പറഞ്ഞ് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദ്ദനത്തിലൂടെ അക്രമികള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിലൂടെ തന്റെ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല. തന്നെ ആക്രമിച്ച ശ്രീരാമ സേന സമൂഹ്യ വിപത്താണെന്നും സംഘടനയെ സാമൂഹ്യമായി ഒറ്റപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച ഉച്ച്ക്ക് ശേഷമാണ് അണ്ണാ ഹസാരെ സംഘത്തിലെ രണ്ടാമനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന് മര്‍ദനമേറ്റത്. സുപ്രീം കോടതിയിലെ പ്രശാന്ത് ഭൂഷന്റെ ചേംബെറിലെത്തിയ മൂന്നംഗ സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കശ്മീരില്‍ ഹിതപരിശോധന സാധ്യമാണെന്ന് രണ്ടാഴ്ച മുന്‍പ് വാരണാസിയില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ്  സംഘം ആക്രമണം നടത്തിയത്.

സംഭവത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധിപേര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം അപലിപിച്ചു. സംഭവത്തെക്കുറിച്ച് ചിദംബരം ഡല്‍ഹി പോലീസിനോട് വിവരങ്ങള്‍ തേടി.

അക്രമത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. ഹിംസ ഒന്നിനും പരിഹാരമല്ലെന്നും സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വാക്കുകളില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. പ്രശാന്ത് ഭൂഷണെതിരായ അക്രമം ശുദ്ധ തെമ്മാടിത്തരമാണെന്ന് കിരണ്‍ ബേദി കുറ്റപ്പെടുത്തി.

Advertisement