![]()
ഫേസ് ടു ഫേസ്/ എന്‍. ശ്രീനിവാസന്‍
![]()
[]ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളി വിവാദത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ അറസ്റ്റിലായ സംഭവത്തെ ഏറെ ഞെട്ടലോടെയാണ് ബി.സി.സി.ഐ കണ്ടത്. കളിക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ പറയുന്നത്. വിവാദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലേക്ക്…
എന്താണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത് ?
മറ്റുള്ളവരെ കുറിച്ച് എനിയ്ക്ക് അറിയില്ല. ഈ വാര്‍ത്ത കേട്ടപ്പോള്‍ കടുത്ത ഞെട്ടലാണ് എനിയ്ക്ക് അനുഭവപ്പെട്ടത്. കാരണം ഇത്തരത്തിലൊരു വിവാദം ഒരിക്കലും പ്രതീക്ഷിച്ചിച്ചതല്ല. ഇവിടെ അറസ്റ്റിലായ പലരും രഞ്ജി ട്രോഫി താരങ്ങളാണ്. ഒരാള്‍ ടെസ്റ്റ് കളിക്കാരനുമാണ്. അതുതന്നെയാണ് എന്നെ ഞെട്ടിച്ചതും.
ഐ.പി.എല്ലില്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് പറയുന്നവരോട് എനിയ്ക്ക് മറുപടിയില്ല. എന്നാല്‍ അത്തരമൊരു പ്രസ്താവന വന്നാല്‍ അതില്‍ അത്ഭുതപ്പെടാനുമില്ലെന്ന് ഇപ്പോഴത്തെ സംഭവം വ്യക്തമാക്കുന്നു.
ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലുണ്ടാകുന്ന നടപടി ?
ഇവര്‍ കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. []ദല്‍ഹി പോലീസാണ് അവരെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളില്‍ സംഭവത്തെ കുറിച്ചുള്ള ഏകദേശ ചിത്രം വ്യക്തമാകും. ഇന്ത്യന്‍ ടീമിന്റെ കളിക്കാര്‍ ആരെങ്കിലും കോഴ വാങ്ങി ഒത്തുകളിച്ചെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി തന്നെ അവര്‍ക്കെതിരെ ബി.സി.സി.ഐ സ്വീകരിച്ചിരിക്കും.
കളിയെ മാന്യമായ രീതിയില്‍ കറകളഞ്ഞ് മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്. ക്രിക്കറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഒന്നോ രണ്ടോ വ്യക്തികള്‍ ചേര്‍ന്ന് ക്രിക്കറ്റ് എന്ന മഹത്തായ കളിയെ നശിപ്പിക്കാന്‍ നോക്കിയാല്‍ അതിന് സാധിക്കില്ല. അത് അനുവദിക്കുകയുമില്ല.
ഒത്തുകളി മാഫിയയുടെ പിടിയില്‍ പെടാതിരിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായുള്ള ബോധവത്ക്കരണ പരിപാടികളൊന്നും നടത്താറില്ലേ?
തീര്‍ച്ചയായും. അതിനായി വലിയൊരു സമയം തന്നെ ചിലവഴിക്കാറുണ്ട്. അഴിമതിയില്‍ പെടാതെ മത്സരത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് ഓരോ താരങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിന്റെ ഭാഗമായി നിരവധി ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാതുവെപ്പിനും ഒത്തുകളിക്കും നേതൃത്വം നല്‍കിയതെന്ന് ആരാണെന്ന് കണ്ടെത്തും. അവര്‍ക്കെതിരെ തക്കതായ നടപടിയെടുക്കാന്‍ ബി.സി.സി.ഐ മടിക്കില്ല. അവര്‍ ആര് തന്നെയായിരുന്നാലും.
ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മൂന്ന് താരങ്ങളേയും ഐ.പി.എല്ലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. പക്ഷേ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും എഫ്.ഐ.ആറില്‍ പറയുന്ന കുറ്റമെന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അതിനെ കുറിച്ച് കൂടുതല്‍ പറയാനും കഴിയില്ല.
അടുത്ത പേജില്‍ തുടരുന്നു
![]()
ഐ.പി.എല്ലില്‍ കളിക്കുന്ന ഓരോ താരത്തിലും വലിയൊരു സംഖ്യ തന്നെ പ്രതിഫലമായി ലഭിക്കുന്നുണ്ട്. എന്നാല്‍ പണത്തോടുള്ള അത്യാര്‍ത്തി മാത്രമാണ് പല താരങ്ങളേയും ഇത്തരം അഴിമതിയിലേക്കും ഒത്തുകളിയിലേക്കും നയിക്കുന്നത്.
![]()
എന്തായിരിക്കാം താരങ്ങളെ ഒത്തുകളിയിലേക്ക് നയിക്കുന്നത് ?
ഐ.പി.എല്ലില്‍ കളിക്കുന്ന ഓരോ താരത്തിലും വലിയൊരു സംഖ്യ തന്നെ പ്രതിഫലമായി ലഭിക്കുന്നുണ്ട്. എന്നാല്‍ പണത്തോടുള്ള അത്യാര്‍ത്തി മാത്രമാണ് പല താരങ്ങളേയും ഇത്തരം അഴിമതിയിലേക്കും ഒത്തുകളിയിലേക്കും നയിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റിലൂടെ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. പിന്നെ എന്തിന്റ പേരിലാണ് ഇവര്‍ പണത്തിന് പിറകെ പായുന്നതെന്ന് അറിയില്ല.[]
ഇത്തരത്തില്‍ ഒത്തുകളി നടക്കാനിരിക്കാനായി എന്ത് നടപടിയാണ് ബി.സി.സി.ഐ ഇനി എടുക്കുക ?
ബോര്‍ഡ് അക്കാര്യത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഒത്തുകളിയെ തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട അഞ്ച് ആഭ്യന്തര താരങ്ങളെ ബി.സി.സി.ഐ വിലക്കിയിരുന്നു. അന്ന് ഞങ്ങള്‍ കരുതിയത് ഇനി ഒരു താരങ്ങളും ഇത്തരത്തിലുള്ള ചെയ്തികയ്ക്ക് മുതിരില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റുണ്ട്. പിന്നെ ഞങ്ങളുടേതായ യൂനിറ്റ് വേറെയുമുണ്ട്. വിദേശമാഫിയ സംഘങ്ങളില്‍ നിന്നും താരങ്ങളെ അകറ്റി നിര്‍ത്താന്‍ ഒരു പരിധിയോളം കഴിഞ്ഞിരുന്നു.
വരാനിരിക്കുന്ന ട്വന്റി-20 ടൂര്‍ണമെന്റുകളും ഇനി സംശയത്തിന്റെ നിഴലിലാവില്ലേ ?
ഒരിക്കലുമില്ല. ഞങ്ങള്‍ക്ക് വിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. ഭാവിയില്‍ ഒരു താരവും ഒത്തുകളിയിലേക്ക് നീങ്ങാത്ത രീതിയിലുള്ള നടപടി തന്നെ ഇത്തവണ ബി.സി.സി.ഐ സ്വീകരിക്കും. ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന നടപടി തന്നെ ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ഈ വിഷയത്തിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുള്ള നടപടിയായിരിക്കും അത്.
ഇന്ത്യന്‍ ടീമിലെ മറ്റേതെങ്കിലും താരങ്ങള്‍ക്ക് കൂടി ഒത്തുകളിയില്‍ പങ്കുള്ളതായി അറിവുണ്ടോ ?
നിലവില്‍ അത്തരത്തിലുള്ള വിവരങ്ങളൊന്നും ബോര്‍ഡിന് ലഭിച്ചിട്ടില്ല. മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചിട്ടില്ല. ഇനി ആരും ഇതില്‍ പെട്ടിട്ടുണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം. അഥവാ അത്തരത്തില്‍ വാര്‍ത്ത വന്നാല്‍ ബി.സി.സി.ഐയും നടപടി എടുത്തിരിക്കും.
താരങ്ങളെ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ അവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ് ?
മാച്ച് ഫിക്‌സിങ്ങിന്റ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് താരങ്ങളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തെന്നും ക്രിമിനല്‍ ഗുഢാലോചനയ്ക്കും വഞ്ചനയ്ക്കും ഒത്തുകളിക്കും കേസ് ഫയല്‍ ചെയ്തു എന്നും അറിഞ്ഞപ്പോള്‍ തന്നെ ബി.സി.സി.ഐ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത് എഫ്.ഐ.ആര്‍ തയ്യാറാക്കി എന്ന കാര്യം മാത്രം മതി ബി.സി.സി.ഐക്ക് നടപടിയെടുക്കാന്‍.
വിഷയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതികരണം ?
ഇങ്ങനെയൊരു സംഭവമുണ്ടായപ്പോള്‍ തന്നെ അഴിമതിക്ക് കൂട്ടുനിന്നതാരാണോ അവരോട് ക്ഷമിക്കാന്‍ ടീമിന് ആവില്ലെന്നായിരുന്നു അവരുടെ പ്രതികരണം. അത്തരമൊരു പ്രതികരണത്തില്‍ ഞാന്‍ സന്തോഷവാനാണ്. ടീമിലുള്ളവരാണ് അഴിമതി നടത്തിയതെന്ന് അറിഞ്ഞിട്ടും അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേയും തീരുമാനം.
