ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് ജയില്‍ മോചിതനായി. 30 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബട്ട് ഏഴുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് ബട്ടിന്റെ ശിക്ഷാ കാലാവധി കുറച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബട്ട് ഇന്ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക സ്‌കീം പ്രകാരം തടവ് ശിക്ഷയില്‍ കഴിഞ്ഞ ബട്ടിന് ഇനി പത്ത് വര്‍ഷത്തേക്ക് യു.കെയിലേക്ക് ചെല്ലാന്‍ കഴിയില്ല.

ഇന്ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തുന്ന ബട്ട് അധികം വൈകാതെ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ യാസിന്‍ പട്ടേല്‍ അറിയിച്ചു. തിരിച്ചെത്തുന്ന ബട്ട് കുടുംബവുമൊത്ത് കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ബട്ട് ജയിലിലായ സമയത്തായിരുന്നു അദ്ദേഹത്തിന് മകന്‍ ജനിച്ചത്. തന്റെ മകനെ വീട്ടിലെത്തി കാണുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും യാസിന്‍ പറഞ്ഞു.

ഒത്തുകളി വിവാദത്തില്‍ പിടിയിലായ ബട്ടിനെ പത്ത് വര്‍ഷത്തേക്കാണ് ഐ.സി.സി വിലക്കിയത്. 2010 ഓഗസ്റ്റില്‍ ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് മത്സരത്തില്‍ ഒത്തുകളി നടത്തിയയെന്നായിരുന്നു ബട്ടിനെതിരെയുള്ള ആരോപണം. ബട്ടിനൊപ്പം മുഹമ്മദ് ആസിഫും മുഹമ്മദ് അമീറും ഏജന്റ് മസ്ഹര്‍ മജീദിന്റെ കയ്യില്‍ നിന്നും പണം വാങ്ങി നോബോളുകള്‍ എറിയാന്‍ കൂട്ടുനിന്നെന്നതായിരുന്നു കേസ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആറ് മാസത്തെ തടവ് കഴിഞ്ഞ് അമീര്‍ ജയില്‍ മോചിതനായത്. ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച മുഹമ്മദ് ആസിഫ് കഴിഞ്ഞമാസവും പുറത്തിറങ്ങി. 32 മാസത്തെ തടവിന് വിധിച്ച ഏജന്റ് മസ്ഹര്‍ മജീദ് മാത്രമാണ് ഇനി ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ളത്.