ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ വാതു വെപ്പ് നടത്തിയതിന്റെ പേരില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ യുവതാരം മുഹമ്മദ് അമീര്‍ മോചിതനായി.  ആറുമാസത്തെ തടവുശിക്ഷയ്ക്കിടെ അച്ചടക്കവും നല്ല പെരുമാറ്റവും കണക്കിലെടുത്താണ് 19 കാരനായ  അമീറിന്റെ ശിക്ഷാകാലാവധിയില്‍ ഇളവു വരുത്തിയത്.

ഐ.സി.സിയുടെ അഞ്ചു വര്‍ഷത്തെ സസ്‌പെന്‍ഷനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അമീര്‍ വ്യക്തമാക്കി. ഇത്രയും വലിയ കാലയളവ് സസ്‌പെന്‍ഷന്‍ നല്‍കിയതില്‍ തനിയ്ക്ക് വിഷമമുണ്ട്. പാക്കിസ്ഥാന്‍ ടീമിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അമീര്‍ വ്യക്തമാക്കി.

Subscribe Us:

പാക്ക് ടീമംഗങ്ങളായ സല്‍മാന്‍ ഭട്ടും മുഹമ്മദ് ആസിഫും ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. അതില്‍ വിഷമമുണ്ട്. ചെയ്ത തെറ്റിന് പരിഹാരമെന്നോണം ടീമില്‍ തിരിച്ചെത്തി രാജ്യത്തിന് വേണ്ടി കളിക്കണമെന്നുണ്ടെന്നും അമീര്‍ പറഞ്ഞു.

2010ല്‍ പാക്കിസ്ഥാന്‍ ടീം നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ നായകന്‍ സല്‍മാന്‍ ഭട്ട്, പേസ് ബൗളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ പിടിയ്ക്കപ്പെടുകയായിരുന്നു.

മസ്ഹര്‍ മജീദ് എന്ന വാതുവെയ്പ്പുകാരന്റെ പ്രേരണയാല്‍ മനഃപ്പൂര്‍വം നോബോള്‍ എറിഞ്ഞുവെന്നായിരുന്നു ആസിഫിനും അമീറിനുമെതിരായ ആരോപണം. തുടര്‍ന്ന് അമീറിന് അഞ്ചു വര്‍ഷവും ഭട്ടിനും പത്ത് വര്‍ഷവും ആസിഫിന് ഏഴു വര്‍ഷവുമായിരുന്നു വിലക്ക്. മസ്ഹര്‍ മജീദ് എന്ന വാതുവെപ്പുകാരന് രണ്ടു വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്.

Malayalam News

Kerala News In English