ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ പറഞ്ഞു. നേരത്തെ ടീം അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 25,000 രൂപയുടെ പാരിതോഷികം കളിക്കാര്‍ നിരസിച്ചിരുന്നു.

ദേശീയ വിനോദമായ ഹോക്കിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രകടനം പുറത്തെടുത്തിട്ടും ഫെഡറേഷന്‍ കുറഞ്ഞ പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാരിതോഷിക തുക ഉയര്‍ത്തിക്കൊണ്ട് കായികമന്ത്രാലയം രംഗത്തെത്തിയത്.

കളിക്കാര്‍ക്ക് 25,000 രൂപയുടെ പാരിതോഷികം നല്‍കാന്‍ പണമില്ലെന്നായിരുന്നു ഹോക്കി ഇന്ത്യയുടെ വാദം. ഇത് തെറ്റാണെന്നും 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് കായികമന്ത്രാലയമല്ലെന്നും ഹോക്കി ഇന്ത്യയാണെന്നും മാക്കന്‍ പറഞ്ഞു.

ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ നിരവധി മുന്‍ കളിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രാജ്പാല്‍ സിങ്ങാണ് കളിക്കാര്‍ക്ക് ഹോക്കി ഇന്ത്യയുടെ പാരിതോഷികം വേണ്ടെന്ന് പറഞ്ഞത്. ഇന്ത്യയുടെ ദേശീയ കളിയായ ഹോക്കിയെ പുനരുജ്ജീവിപ്പിക്കുമെന്ന പൊള്ളയായ പ്രഖ്യാപനം നല്‍കുകയല്ലാതെ രാജ്യത്തെ കായിക സംഘടനയുടെ തലപ്പത്തിരുക്കുന്നവര്‍ ഒന്നുംചെയ്യുന്നില്ലെന്ന് രാജ്പാല്‍ സിംങ് ആരേപിച്ചിരുന്നു.

ചിരവൈരികളായ പാക്കിസ്താനെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്റില്‍ കിരീടം ചൂടിയത്.