ന്യൂദല്‍ഹി: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ രാജ്യത്തിന്റെ കായികമേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍. കാറോട്ട മത്സരങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക അത്‌ലറ്റിക്‌സിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഗുണകരമായേനെയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നാളെ നടക്കുന്ന എഫ് വണ്‍ കാറോട്ട മത്സരങ്ങള്‍ക്ക് രാജ്യത്തിന്റെ കായികമന്ത്രി അജയ് മാക്കനെ ക്ഷണിച്ചിട്ടില്ല. സംഗതി വിവാദമായിരിക്കുകയാണ്. സംഘാടകര്‍ക്ക് 100 കോടി രൂപ നികുതിയിളവ് നല്‍കാതിരുന്ന കേന്ദ്ര കായികമന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മന്ത്രിയെ ക്ഷണിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Subscribe Us:

എഫ് വണ്‍ മത്സരങ്ങള്‍ക്ക് ക്ഷണിക്കാന്‍ താനൊരു താരമോ ചിയര്‍ ഗേളോ അല്ലെന്നാണ് മാക്കന്‍ ഇതിനോട് പ്രതികരിച്ചത്.

ഇന്ത്യയിലാദ്യമായി നടക്കുന്ന എഫ് വണ്‍ കാറോട്ട മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ഷണമുള്ളപ്പോഴാണ് കായിക മന്ത്രിക്ക് അവഗണന. എഫ് വണ്ണിനു 100 കോടി നികുതിയിളവ് വേണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.