റാഞ്ചി: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ദേശീയ ഗെയിംസ് സംഘാടകര്‍ അപമാനിച്ചതായി പരാതി. ഇന്നലെ അര്‍ധരാത്രിയില്‍ വില്ലേജിലെ കേരള ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മുഹമ്മദ് അഷ്‌റഫിനെ ഇറക്കിവിട്ടതായാണ് പരാതി.

മുറിയില്ലെന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. മുറി ലഭ്യാമാക്കാന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ സഹകരിച്ചില്ലെന്ന് മുഹമ്മദ് അഷ്‌റഫ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അദ്ദേഹം റാഞ്ചിയിലെത്തിയത്. അടുത്ത ഗെയിംസിന്റെ സംഘാടകസമിതിയില്‍ ഇദ്ദേഹത്തിന്റെ പേരുണ്ട്.

ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് അഷറഫിനെ സംസ്ഥാനങ്ങളിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിലേക്ക്  അയച്ചെങ്കിലും ഇവിടെയും മുറി ലഭ്യമായിരുന്നില്ല.

തുടര്‍ന്ന് സ്വന്തം ചിലവില്‍ ഹോട്ടലില്‍ മുറിയെടുത്ത് ഇദ്ദേഹം താമസിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ന് മുഹമ്മദ് അഷ്‌റഫ് നാട്ടിലേക്ക് മടങ്ങും.