ഇടുക്കി: പുതിയ ഡാം വേണ്ടെന്ന് പറഞ്ഞ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി റോയി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തിലെ സമരപ്പന്തലില്‍ പ്രതിഷേധം.

പുതിയ ഡാം ഇല്ലാതെ പ്രശ്‌ന പരിഹാര നിര്‍ദേശവുമായി മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്‍ സി.പി റോയി പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ജലനിരപ്പ് പരമാവധി താഴ്ത്തിയ ശേഷം പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാടിന് ഇപ്പോഴത്തെ നിലയില്‍ തന്നെ വെള്ളം നല്‍കാം എന്നാണ് കത്തിലെ നിര്‍ദേശം. ടണലിന്റെ ഉയരം 50 അടിയാക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്തവിധം പ്രശ്‌നം പരിഹരിക്കാമെന്ന് സി.പി റോയി പറഞ്ഞു. നിര്‍ദ്ദേശം സ്വീകാര്യമാണെന്ന് തമിഴ് കര്‍ഷക സംഘം നേതാവ് കെ.എം അബ്ബാസും ഇതിനോട് പ്രതികരിച്ചു. ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്ന് തേനി കലക്ടറും വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ ഡാം തന്നെ വേണമെന്നും മറ്റൊരു രീതിയില്‍ ചര്‍ച്ച വഴിമാറരുതെന്നും കേരള ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് പുതിയ സംഭവ വികാസങ്ങളോട് പ്രതികരിച്ചു.

Malayalam News

Kerala News in English