ന്യൂദല്‍ഹി: സ്‌പൈസ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ ത്രിഡി മൊബൈല്‍ പുറത്തിറക്കി. പ്രത്യേക ഗ്ലാസില്ലാതെ തന്നെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ത്രീഡി അനുഭൂതി നല്‍കുന്നതാണ് പുതിയ ഫോണ്‍.

2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനും രണ്ട് മെഗാപിക്‌സല്‍ ക്യാമറയും എഫ് എം റേഡിയോയും എം പി ത്രിയും പുതിയ ഫോണിലുണ്ടാകും. 16 ജി ബി മെമ്മറി കപ്പാസിറ്റിയുള്ളതാണ് ഫോണ്‍. 4,299 രൂപമുതല്‍ ത്രിഡി മൊബൈല്‍ഫോണ്‍ ലഭ്യമാകും.

ത്രിഡി സാങ്കേതികവിദ്യയോട് ജനങ്ങള്‍ക്കുള്ള അഭിരുചി കണക്കിലെടുത്താണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നതെന്ന് സ്‌പൈസ് മൊബിലിറ്റി വൈസ് പ്രസിഡന്റ് നവീന്‍ പോള്‍ പറഞ്ഞു. ഒരുമാസം
20000 നും 30000 നുമിടയില്‍ ത്രിഡി ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

മൊബൈല്‍ വില്‍പ്പനയില്‍ സ്‌പൈസ് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2010 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38.63 മില്യണ്‍ മൊബൈലുകളാണ് വിറ്റഴിച്ചിരിക്കുന്നത്.