എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ പീഡനക്കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കും: സുപ്രീം കോടതി
എഡിറ്റര്‍
Thursday 10th January 2013 12:13pm

ന്യൂദല്‍ഹി: സ്ത്രീ പീഡനക്കേസുകള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസുകളിലെ നടപടികള്‍ വേഗത്തിലാക്കുമെന്ന് സുപ്രീം കോടതി.

Ads By Google

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അടങ്ങിയ ബെഞ്ചാണ്  ഇക്കാര്യം അറിയിച്ചത്. കേസുകളുടെ ലിസ്റ്റിങ് ത്വരിതപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

2004 മുതല്‍ കോടതിയുടെ പരിഗണനയിലുള്ള സ്ത്രീപീഡനകേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സൂര്യനെല്ലി കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. സൂര്യനെല്ലിക്കേസില്‍ അന്തിമവാദം കേള്‍ക്കുന്നതു സംബന്ധിച്ച തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സൂര്യനെല്ലിക്കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

വിചാരണക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 35 പ്രതികളില്‍ 34 പേരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ 2005 നവംബര്‍ 11 നാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്.

അഭിഭാഷകന് സുഖമില്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ആഴ്ച കോടതി തള്ളിയിരുന്നു. എട്ടു വര്‍ഷമായി കേസിന്റെ നടപടികള്‍ നീട്ടിക്കൊണ്ടുപോയതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിചാരണ ഉടന്‍ തുടങ്ങണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രധാന പ്രതി ധര്‍മരാജന് വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ച് വര്‍ഷമാക്കി ചുരുക്കിയിരുന്നു.

Advertisement