എഡിറ്റര്‍
എഡിറ്റര്‍
വിമാനം റാഞ്ചിയതിന്‌ പിന്നില്‍ ഭീകരാക്രമണമെന്ന് സംശയം, ഇന്ത്യന്‍ നാവികസേന തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി
എഡിറ്റര്‍
Sunday 16th March 2014 10:25am

malasian-airjet

വാഷിങ്ടണ്‍ : 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് പിന്നില്‍ തീവ്രവാദി ആക്രമണശ്രമമാണോയെന്ന സംശയം വീണ്ടും ശക്തിപ്പെടുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാലത്തെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്‌ട്രോബ് ടോള്‍ബോട്ടാണ് ഈ ആശങ്ക ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.

2001 സപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരയുണ്ടായതിന് സമാനമായ ആക്രമണം ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ നടത്താന്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. കാണാതായ വിമാനത്തെ സംബന്ധിച്ച ദുരൂഹത, വിമാനം സഞ്ചരിച്ചുവെന്ന് കരുതുന്ന ദിശ, വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് എന്നിവയാണ് സംശയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു.

കൊലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് ബോധപൂര്‍വം വ്യതിചലിച്ച് സഞ്ചരിച്ചുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അജ്ഞാത ലക്ഷ്യത്തിലേക്ക് വിമാനം ഏഴ് മണിക്കൂറോളം പറന്നുവെന്ന വിവരവും ലഭിച്ചെന്നും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് ടോള്‍ബോട്ട് ട്വിറ്ററില്‍ തന്റെ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ ഇന്ത്യന്‍ നാവികസേന വിമാനത്തിനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മലേഷ്യന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. മലേഷ്യന്‍ അധികൃതര്‍ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യുകയാണെന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ തിരച്ചില്‍ വീണ്ടും തുടങ്ങുമെന്നും കിഴക്കന്‍ നാവിക കമാന്‍ഡ് വക്താവ് അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപവും ബംഗാള്‍ ഉള്‍ക്കടലിലും ആയിരുന്നു ഇന്ത്യന്‍ നാവികസേന വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നത്. മലേഷ്യന്‍ അധികൃതരുടെ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം കൂടുതല്‍ മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമോയെന്ന് തീരുമാനിക്കുമെന്നും നാവികസേന അധികൃതര്‍ പറഞ്ഞു.

അതേ സമയം കാണാതായ വിമാനം ഇന്ത്യയ്ക്ക് മുകളിലൂടെ പറന്നിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വ്യോമസേനയുടെ നിഗമനം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും വ്യോമസേനയുടെയും റഡാറുകളുടെ കണ്ണുവെട്ടിച്ച് വിമാനം ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനുള്ള സാധ്യത കുറവാണെന്ന് വ്യോമസേനാ അധികൃതര്‍ വിലയിരുത്തിയത്.

വിമാനം റാഞ്ചിയതാണെന്ന്  മലേഷ്യന്‍ പധാനമന്ത്രി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വിമാനം റാഞ്ചിയവര്‍ തന്നെയാകും തുടര്‍ന്നും പറത്തിയിട്ടുണ്ടാകുക എന്ന നിഗമനത്തിലാണ് അധികൃതര്‍. അതിനിടെ സംഭവത്തില്‍ ക്യാപ്റ്റന്‍ സഹാറി അഹമ്മദ് ഷായെ പോലീസ് സംശയിക്കുന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ റെയ്ഡ് നടത്തി. പരിശോധനയില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.

Advertisement