ന്യൂദല്‍ഹി: സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നിയമവിരുദ്ധമായി അനുവദിച്ച സ്‌പെക്ട്രം കരാറുകള്‍ റദ്ദാക്കി വീണ്ടും ലേലം ചെയ്യണം. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയയാിരുന്നു കാരാട്ട്.

സ്‌പെക്ട്രം അഴിമതിയില്‍ ജെ.പി.സി അന്വേഷണം. അത് അംഗീകരിക്കാതെ മുന്നോട്ട് പോവാന്‍ കഴിയില്ല. കോടികളുടെ അഴിമതി നടന്ന സ്‌പെക്ട്രം ഇടപാട് സര്‍ക്കാറോ പ്രധാനമന്ത്രിയോ അറിയാതെ നടക്കില്ല. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കണണം. സ്‌പെക്ട്രം അഴിമതിക്കെതിരെ സി.പി.ഐ.എം രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 11 വരെയായിരിക്കും പ്രക്ഷോഭ പരിപാടികള്‍.

പ്രധാനമന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കൊണ്ട് സ്‌പെക്ട്രം അഴിമതി പ്രശ്‌നം അവസാനിക്കില്ല. സ്‌പെക്ട്രം അഴിമതിക്കേസിലെ മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി വേണം. വന്‍കിട അഴിമതികള്‍ രാജ്യത്തിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്നും കാരാട്ട് പറഞ്ഞു.

ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കാരാട്ട് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്. സി.ബി.ഐ രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഇരയാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി പിണറായി. പിണറായി വ്യക്തിപരമായല്ല, പാര്‍ട്ടിയും സര്‍ക്കാറും അറിഞ്ഞുകൊണ്ടാണ് ലാവലിനുമായി കരാര്‍ ഒപ്പിട്ടതെന്നും കാരാട്ട് പറഞ്ഞു. സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.