ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ഇടനിലക്കാരി നീരാ റാഡിയയുടെ സംഭാഷണമടങ്ങിയ ടേപ്പ് പ്രസിദ്ധീകരിച്ച രണ്ടുമാഗസിനുകള്‍ക്കും സുപ്രീംകോടതി നോട്ടീസ്. ഔട്ട്‌ലുക്ക്, ഓപ്പണ്‍ എന്നീ മാഗസസിനുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതിനിടെ ടേപ്പുകള്‍ പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവുമായി രത്തന്‍ ടാറ്റ സമര്‍പ്പിച്ച ഹരജി കോടതി 13 ന് പരിഗണിക്കും. ടേപ്പിലെ സംഭാഷണങ്ങള്‍ പൂര്‍ണമായും സ്വകാര്യമാണെന്നും അത് സംരക്ഷിക്കണമെന്നും ടാറ്റ സുപ്രീംകോടതിയില്‍ അറിയിച്ചു.

സ്‌പെക്ട്രം ഇടപാടിലെ വിവാദ നായിക നീരാറാഡിയയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോര്‍ത്തിയത്. അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമുള്ള ഈ രേഖ പരസ്യപ്പെടുത്തിയതിനെതിരെയാണ് ടാറ്റ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ സ്ഥാപനത്തിന്റെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ നിര്‍വഹിക്കുന്നത് നീരാ റാഡിയയുടെ കമ്പനിയാണ്. ഇവരുടെ ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തിയതിലൂടെ തന്റെ രഹസ്യങ്ങളിലേക്ക് കൈകടത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ടാറ്റ വ്യക്തമാക്കി.

പബ്ലിക് റിലേഷന്‍ ഏജന്‍സി ഉടമയായ നീര റാഡിയ എന്‍ ഡി ടി വി യുടെ ബര്‍ക്ക ദത്തുമായും ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോര്‍ഡ് അംഗം വീര്‍ സാംഗ്വിയുമായുള്ള സംഭാഷണത്തിന്റെ ടേപാണ് പുറത്തുവന്നത്. 2ഏ സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇന്‍കംടാക്‌സ് വകുപ്പ് ടേപ് ചോര്‍ത്തിയത്.