ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രമുഖവ്യവസായിയായ അനില്‍ അംബാനിയെ സി.ബി.ഐ ചോദ്യംചെയ്തു. സി.ബി.ഐ ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യംചെയ്യല്‍.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ മുന്‍ ടെലകോം മന്ത്രി എ.രാജയെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ സ്‌പെക്ട്രം അനധികൃതമായി നേടിയവരെയും ചോദ്യംചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അഴിമതിയായി ബന്ധപ്പെട്ടവര്‍ ആരായാലും, അവര്‍ ഫോബ്‌സ് ലിസ്റ്റില്‍പെട്ട ആളാണെങ്കില്‍പ്പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സുപ്രീംകോടതി അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അനില്‍ അംബാനിയില്‍ നിന്ന് സ്വാന്‍ ടെലികോമുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച് വിശദീകരണമാണ് സി.ബി.ഐ. തേടിയത്. സി.ബി.ഐ. കസ്റ്റഡിയിലുള്ള ഷാഹിദ് ഉസ്മാന്‍ ബല്‍വ നേതൃത്വം നല്‍കുന്ന ഡി.ബി. റിയാലിറ്റി ഗ്രൂപ്പ് പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനമാണ് സ്വാന്‍ ടെലികോം.

2 ജി സ്‌പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഇന്‍ഫോകോമിന് സ്വാന്‍ ടെലികോമില്‍ 9.9 ശതമാനം ഓഹരിയുണ്ടായിരുന്നു. സ്വാനും ഡി.എം.കെ.യുടെ കലൈഞ്ജര്‍ ടി.വി.യും തമ്മിലുള്ള വാണിജ്യബന്ധമാണ് സി.ബി.ഐ. അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.