ന്യൂദല്‍ഹി: ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കും രണ്ട് കമ്പനികള്‍ക്കുമെതിരായ കുറ്റപത്രം ഈ മാസം 31 നകം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ പ്രധാനകുറ്റപത്രമായിരിക്കുമിതെന്നും സിബിഐ വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട ഫെബ്രുവരിയിലാണ് രാജയെ അറസ്റ്റ് ചെയ്തത്. അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് രാജയ്‌ക്കെതിരെയുള്ളത്. രാജയ്‌ക്കെതിരെയുള്ള കുറ്റപത്രം മാര്‍ച്ച് 31ന് സമര്‍പ്പിക്കുമെന്ന് സി.ബി.ഐയ്ക്കുവേണ്ടി അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ പേരും കമ്പനികളും ഉള്‍പ്പെട്ട കുറ്റപത്രം പിറകെ വരുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ മുദ്രവെച്ച കവറിലാണ് സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം പാടില്ലെന്നും ബാഹ്യ ഇടപെടല്‍ കേസിലുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കായി രൂപീകരിക്കുന്ന പ്രത്യേക കോടതിയില്‍ സമര്‍ഥരായ മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും കോടതി സിബിഐയോട് നിര്‍ദേശിച്ചു.