കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍. പരസ്പരം കുറ്റം പറയാതെ ദുരിതബാധിതര്‍ക്കുവേണ്ടി ഒത്തൊരുമിച്ച് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണ്. പരസ്പരം കുറ്റപ്പെടുത്താതെ ദുരിതബാധിതര്‍ക്കുവേണ്ടി ഒത്തൊരുമിച്ച് സഹകരിക്കുകയാണ് വേണ്ടത്. പ്രശ്‌നം വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തണം. ഇവിടെ ദുരിതബാധിതരെ സഹായിക്കാനായി പാലിയേറ്റീവ് കെയറിന്റെ കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഘാതം എത്രത്തോളം വലുതാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. കേന്ദ്ര പരിസ്ഥിതി, കൃഷി വകുപ്പുകളെ ഇതിന്റെ ഗൗരവം എത്രത്തോളമെന്ന് ബോധ്യപ്പെടുത്തുമെന്നും കെ.ജെ ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങളില്‍ അദ്ദേഹം ഇന്ന് സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദുരിതബാധിതരുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നദ്ധ സംഘടനാ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും അദ്ദേഹം പ്രത്യേകം ചര്‍ച്ച നടത്തും. തുടര്‍ന്നാണ് ദുരിതബാധിത പ്രദേശങ്ങളായ പഡ്രെ, എന്‍മകജെ, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ കെ.ജി.ബാലകൃഷ്ണന്‍ സന്ദര്‍ശിക്കുക.