തിരുവനന്തപുരം: കുട്ടനാട് പാക്കേജിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ജി.സുധാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യ പരിേശാധനാ വിഭാഗത്തില്‍ ഇതിനായി പ്രത്യേക വിങ്ങിനെ നിയമിക്കുമെന്നും പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് എം.എസ്.സ്വാമിനാഥനെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലപ്പുഴയ്ക്കു പുറമേ ചങ്ങനാേശരി,കോട്ടയം,വൈക്കം കനാലുകളുടെ നവീകരണം കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പാക്കേജ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ എം.എസ്.സ്വാമിനാഥനേയോ,അദ്ദേഹത്തിന്റെ ഫൗണ്ടേഷനില്‍ നിന്നുളള പ്രതിനിധികളെയോ തന്നെ നിയോഗിക്കുന്ന കാര്യവും ആലോചനയിലാണ്. ഇക്കാര്യങ്ങളെ പറ്റിയുളള അന്തിമ തീരുമാനം അടുത്ത പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

പ്രോസ്പിരിറ്റി കൗണ്‍സില്‍ ചേര്‍ന്നതിനുശേഷമായിരിക്കും എം.എസ്. സ്വാമിനാഥനെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരുക. യോഗത്തില്‍ പങ്കെടുക്കാമെന്ന് എം.എസ്. സ്വാമിനാഥന്‍ സമ്മതിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.