ന്യൂയോര്‍ക്ക്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയ്ക്കായി യു.എന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. ജോര്‍ദാനിലെ മുന്‍ വിദേശകാര്യമന്ത്രി അബ്ദേലില അല്‍ ഖാതിബിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.

അടിയന്തിര മാനുഷിക പ്രശ്‌നപരിഹാരം ആവശ്യമുള്ളയിടങ്ങളില്‍ അത് നിറവേറ്റുന്നതിനും അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതിനും പ്രത്യേക ദൂതനെ ചുമതലപ്പെടുത്തുമെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ അറിയിച്ചു. പടിഞ്ഞാറന്‍ ലിബിയയിലെ സംഘര്‍ഷമാണ് ഉടന്‍ പരിഹരിക്കേണ്ടതെന്ന നിലപാടിലാണ് യു.എന്‍. പ്രക്ഷോഭത്തിനിടയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചതില്‍ യു.എന്‍ ഉത്കണ്ഠ അറിയിച്ചു.

ലിബിയന്‍ വിദേശകാര്യമന്ത്രി മൂസ കൂസുമായി ബാന്‍കി മൂണ്‍ ഞാറാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. 1970ല്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ ഉടമ്പടിയിലെ കാര്യങ്ങള്‍ പാലിക്കണമെന്ന് മൂസകൂസയോട് അദ്ദേഹം ആവശ്യപ്പെട്ടതായും ബാന്‍ കി മൂണ്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 14മുതലാണ് ഏകാധിപതിയായ മുഅമര്‍ ഗദ്ദാഫിക്കെതിരായ ലിബിയയില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തില്‍ ഇതുവരെ നൂറുകണക്കിനാളുകള്‍ മരിച്ചിട്ടുണ്ട്.