മാനന്തവാടി: വയനാട്ടില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടിക്കാന്‍ കര്‍ണ്ണാടക ദൗത്യസംഘം രംഗത്ത്. സംസ്ഥാനസര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ദൗത്യസംഘം വയനാട്ടിലെ ഗ്രാമപ്രദേശത്തെത്തിയത്.

Ads By Google

കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് എട്ട് പശുക്കളേയും ഏഴ് ആടുകളേയും കൊന്നൊടുക്കിയ കടുവ അഞ്ചിലധികം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

വനംവകുപ്പിന്റേയും പോലീസിന്റേയും നൂറിലധികം പേരടങ്ങുന്ന മൂന്ന് സംഘങ്ങള്‍ക്ക് രൂപം നല്‍കി കടുവയെ പിടിക്കാനുള്ള ശ്രമം ഫലവത്താകാതെ വന്നപ്പോഴാണ് കര്‍ണ്ണാടക സംഘം വയനാട്ടിലെത്തിയത്.

കര്‍ണ്ണാടകയിലെ ബന്ധിപ്പൂര്‍ കടുവാസങ്കേതത്തില്‍ നിന്നെത്തിയ പ്രത്യേക ദൗത്യസംഘത്തില്‍ എട്ടുപേരാണുള്ളത്. മുത്തങ്ങ, ബത്തേരി വനമേഖലകളില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തിയെങ്കിലും അനുകൂല സാഹചര്യമില്ലാത്തതിനാല്‍ കീഴ്‌പ്പെടുത്താനായില്ല.

കടുവയുടെ ചിത്രം ദൗത്യസംഘം പകര്‍ത്തിയിട്ടുണ്ട്. അതേസമയം, കടുവയെ വെടിവെച്ച് കൊല്ലുക അസാധ്യമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കെണിയിലൂടെ കീഴ്‌പ്പെടുത്താനാണ് കര്‍ണ്ണാടക ദൗത്യസംഘത്തിന്റെ നീക്കം.

കടുവയെ പിടിക്കാന്‍ ശ്രമം നടത്തുന്ന കേരളസംഘവും കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ ദൗത്യസംഘത്തെ സാഹായിക്കും.