ഓഖി ചുഴലിക്കാറ്റ് തീരദേശമേഖലയില്‍ നാശം വിതയ്ക്കുമ്പോള്‍ കേരളത്തിന്റെ മറ്റൊരു സവിശേഷത കൂടി ലോകം കാണുകയായിരുന്നു. മലയാളി ചര്‍ച്ച ചെയ്തത് ദുരിതാശ്വാസത്തെക്കുറിച്ചോ പങ്കുവെച്ചത് കടലില്‍ അകപ്പെട്ട ജീവനുകളെക്കുറിച്ചുള്ള ആശങ്കകളോ ആയിരുന്നില്ല. പരസ്പരം പഴിചാരലും വാക്ക്‌പോരുകളുമായി അരങ്ങ് തകര്‍ക്കുകയായിരുന്നു ഭരണനേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും. ദുരന്തങ്ങളെ പോലും ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ഉപകരണമായി കാണുകയായിരുന്നു രാഷ്ട്രീയ നേതൃത്വം. ദുരിതം നേരിട്ട ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തെപ്പോലും സര്‍ക്കാറിന് പക്വതയോടെ നേരിടാനായില്ല. രക്ഷാപ്രവര്‍ത്തനത്തിലും ദുരന്ത നിവാരണത്തിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്തും വിവാദച്ചുഴിലായിരുന്നു കേരളം.

വിവാദങ്ങളുടെ രാഷ്ട്രീയം

ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് ഡിസംബര്‍ മൂന്നിന് മത്സ്യത്തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നു. കനത്ത പൊലീസ് വലയത്തില്‍ മുഖ്യമന്ത്രിയെ പള്ളിയില്‍ എത്തിച്ചു. തിരിച്ചിറങ്ങിയ സമയത്ത് പൊലീസുകാര്‍ക്ക് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. മൂന്ന് മിനിറ്റോളം മുഖ്യമന്ത്രി പ്രതിഷേധക്കാര്‍ക്കിടയില്‍ അകപ്പെട്ടു. ഔദ്യോഗിക വാഹനത്തിനടുത്ത് എത്താന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ കയറി മടങ്ങി. ഒപ്പം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും .

 

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും സമാനമായ അനുഭവമുണ്ടായി. മന്ത്രിമാര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നും പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പള്ളിമുറ്റത്ത് വെച്ച് തിരികെ പോകേണ്ടി വന്നു. എന്നാല്‍ ബിഷപ്പിനൊപ്പമായിരുന്നതിനാല്‍ കടകംപള്ളി സുരേന്ദ്രന് പ്രദേശത്തേക്ക് പോകാനായി. എന്നാല്‍ പിറ്റേദിവസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിച്ച് മടങ്ങി.

ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം 120 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റായി മാറിയപ്പോള്‍, കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടാക്കിയ സുനാമിയാണ് ഡിസംബര്‍ മൂന്നിന് രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് അനുഭവിച്ചത്. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും പഴി കേട്ടപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രി പതിവ് വിമര്‍ശകരുടെ കൂടി കൈയ്യടി നേടി.

നവംബര്‍ 29നാണ് ശ്രീലങ്കയ്ക്ക് അടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് ശക്തിപ്രാപിക്കുമെന്നും ഇന്ത്യന്‍ മീറ്റൊറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിപ്പ് നല്‍കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം പന്ത്രണ്ട് മണിയോടെ ചുഴലിക്കാറ്റാകുമെന്നായി. ഇതില്‍ മുന്നൊരുക്കം നടത്തുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന വിമര്‍ശനം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. ഇതിനിടെ ചുഴലിക്കാറ്റ് സംബന്ധിച്ച് 28നും 29നും സംസ്ഥാനസെക്രട്ടറിമാര്‍ക്കും സംസ്ഥാനസര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇത് സംബന്ധിച്ചായി പ്രധാന തര്‍ക്കം. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷ പാര്‍ട്ടികളും ഇതില്‍ രണ്ട് തട്ടിലായി നിന്ന് വിവാദം കൊഴിപ്പിച്ചു. അപ്പോഴും മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനെക്കുറിച്ചായിരുന്നു തീരദേശവാസികളുടെ ആശങ്ക. നേരത്തെ കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.

‘കേന്ദ്ര മുന്നറിയിപ്പ് രഹസ്യമാക്കി വച്ച് വലിയ ദുരന്തത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും സുഖ ഉറക്കത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാത്തതിനാലാണ് അവര്‍ പതിവുപോലെ കടലില്‍ പോയത്. മറ്റ് സംസ്ഥാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ആഘാതം കുറയ്ക്കാനവര്‍ക്കായി. ഈ വലിയ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്.
Image result for നിര്‍മ്മല സീതാരാമന്‍

 

ദുരന്തമുണ്ടായി ഇത്രദിവസങ്ങളായിട്ടും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സസ്ഥാനമുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായിട്ടില്ല. ജനങ്ങളുടെ രോഷത്തിനിരയാകേണ്ടിവരുമെന്ന ഭയമാണവര്‍ക്കുള്ളത്.’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘സര്‍ക്കാര്‍ വന്‍ പരാജയമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു. ഉറ്റവരെ തിരയാന്‍ ബന്ധുക്കളും നാട്ടുകാരും കടലിലേക്ക് സ്വയം ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യപ്രാപ്തിയില്ലാത്ത സര്‍ക്കാര്‍ കൊണ്ടു ചെന്നെത്തിച്ചു. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം’. സര്‍ക്കാറിലെ പ്രമുഖ കക്ഷികള്‍ തമ്മിലുള്ള പടലപ്പിണക്കത്തെ കൂടി പരാമര്‍ശിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

‘രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതെല്ലാം കഴിഞ്ഞതിന് ശേഷം ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ കേന്ദ്രവും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. അതില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന പാഠങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുകയാണ് വേണ്ടത് ‘ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി നിര്‍ദേശിക്കുന്നു.

‘സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല എന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. വീഴ്ച ഉണ്ടായി എന്ന് രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ അതിലപ്പുറം പോയി അതിര് വിടാന്‍ കോണ്‍ഗ്രസ്സും തയ്യാറായില്ല. അത് കൊണ്ട് ഓഖി ദുരന്തസമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഔചിത്യം വിട്ട് മോശം രാഷ്ട്രീയക്കളി കളിച്ചു എന്ന് പറഞ്ഞാല്‍ തെറ്റാകും’ മാധ്യമപ്രവര്‍ത്തകനായ ഇ. സനീഷ് പറയുന്നു.

Image result for OCKHI KERALA

 

നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചിലില്‍ തൃപ്തരാവാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. കടല്‍ പരിചയമുള്ള തങ്ങളെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇത് കൂട്ടാക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനായി 55 ഓളം വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ ഇറങ്ങുകയായിരുന്നു. ദുരന്തബാധിതരുടെ ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ലെന്നും വാര്‍ത്ത വന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കിടിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണെന്നും ഇനിയും വേണ്ടത് ചെയ്യുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘മൂന്നാമത്തെ ദിവസം നൂറോളം വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ തിരച്ചിലിനായി പോയത്. അവര്‍ക്ക് പോകാതിരിക്കാനാവില്ല. അവരുടെ ആളുകള്‍ കടലില്‍ കിടക്കുമ്പോള്‍, അവരെ ജീവനോടെ കിട്ടുമോയെന്ന് അറിയാതെ അവര്‍ക്ക് ഇവിടെ ഇരിക്കാനാവില്ല. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് അവര്‍ക്ക് അറിയില്ല, അതിനെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ അവര്‍ പോകില്ല,’ മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് പറയുന്നു.

‘ആ മനുഷ്യര്‍ പോകേണ്ടി വന്നുവെന്നതാണ് സര്‍ക്കാറിന്റെ പരാജയം. അങ്ങിനെ പോയവര്‍ക്ക് പോയവര്‍ക്ക് മൃതദേഹങ്ങള്‍ കിട്ടി എന്നതും പ്രധാനമാണ്. അവരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു, അവര്‍ക്കൊപ്പമുണ്ട് എന്ന് അവര്‍ക്കു ബോധ്യമാകത്തക്ക വിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്ന് പറയാനാകില്ല.’ എന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. ‘ഓഖി’ എന്നു പേരിട്ട ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ രൂപത്തിലാണ് ഇപ്പോള്‍ ദുരന്തം നമ്മെ വേട്ടയാടുന്നത്. ഓരോ ദുരന്തവും ബാധിത മേഖലയിലാകെ ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ പ്രവര്‍ത്തനം മനുഷ്യത്വത്തിന് ഭീഷണിയാണ്.’ എം.സ്വരാജ് എം.എല്‍.എ. വിമര്‍ശിച്ചു.

മുരളി തുമ്മാരുകുടി

മാധ്യമങ്ങളുടെ ശക്തി ദുരന്തനിവാരണത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ മാധ്യമങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ചല്ലെന്ന് മുരളി തുമ്മാരുകുടി പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തന്നെ മാധ്യമവിമര്‍ശനവും ഉയര്‍ന്നു.

‘മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. പന്ത്രണ്ട് മണിക്കാണ് ചുഴലിക്കാറ്റ് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. അതിനുവേഷം എടുത്ത നടപടികളില്‍ പരാതി ഉള്ളതായി അറിയില്ല. പക്ഷെ മുഖ്യമന്ത്രി അവിടെ സന്ദര്‍ശിച്ചില്ല എന്നിടത്തു നിന്നാണ് വിവാദം തുടങ്ങുന്നത്.’

‘ദുരന്തം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് മാധ്യമങ്ങള്‍ക്കും അറിയില്ല. കേരളത്തില്‍ മാത്രമുള്ളതല്ല ഇത്. കാണ്ഡഹാറില്‍ വിമാനം റാഞ്ചിയപ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മോചിപ്പിച്ചത്. വലിയൊരു ദുരന്തമുണ്ടാകുമ്പോള്‍ സര്‍ക്കാറിന് ആവശ്യമായ സമയം കൊടുക്കണം. എന്നിട്ടും പിഴവ് സംഭവിച്ചാല്‍ അതിനെ വിമര്‍ശിക്കുക. ഇവിടെ ഒന്നാം ദിവസം മുതല്‍ വിമര്‍ശനം തുടങ്ങും. ഇത് സര്‍ക്കാറിനെ അനാവശ്യമായ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും.’ കെ.ജെ ജേക്കബും നിരീക്ഷിക്കുന്നു.

സി.പി.ഐ.എമ്മിന്റെയും സര്‍ക്കാറിന്റെയും മാധ്യമ വിമര്‍ശനത്തെ ശരിവെക്കുകയാണ് ഇ. സനീഷ്.’ ചില മാധ്യമങ്ങള്‍ ആ ഔചിത്യം കാണിച്ചില്ല. ദുരന്തസാഹചര്യം ആണ് എന്നത് പോലും മറന്ന് ചിലര്‍ രാഷ്ട്രീയമുന്‍വിധി വെച്ച് പെരുമാറി എന്ന് നാട്ടുകാര്‍ വിലയിരുത്തിയാല്‍ കുറ്റം പറയാന്‍ പറ്റാത്ത വിധമാണ് ചില വാര്‍ത്തകള്‍ വിന്യസിക്കപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരി തന്നെ. മുന്നറിയിപ്പ് സംബന്ധിച്ചൊക്കെ ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ ചെറിയ കാര്യങ്ങളല്ല, ശരി തന്നെ. എന്നാല്‍ അവയെ തിരുത്തി ശരിയാക്കുക എന്ന ഉദ്ദേശ്യത്താലാണ് ആ വാര്‍ത്തകള്‍ ഉണ്ടായത് എന്ന് സമ്മതിച്ച് കൊടുക്കുക വയ്യ. ഓഖി പോലൊരു വലിയ ദുരന്തം മുന്നില്‍ വന്ന് നില്‍ക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള മുന്‍വിധികളാല്‍ സ്വാധീനിക്കപ്പെട്ടോ , അങ്ങനെ സ്വാധീനിക്കപ്പെട്ട് നിലവിട്ട് പോയോ എന്ന് പിന്നീട് സ്വയം വിമര്‍ശം നടത്തേണ്ടി വന്നേക്കാം ഞങ്ങള്‍ക്ക്, മാധ്യമങ്ങള്‍ക്ക് എന്നാണ് എനിക്ക് തോന്നുന്നത്’.

Image result for OCKHI KERALA

 

പ്രകൃതി ദുരന്തങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനും സമൂഹമാധ്യമങ്ങളുടെ സാധ്യത നേപ്പാളിലുള്‍പ്പെടെ ലോകം കണ്ടതാണ്. എന്നാല്‍ ഓഖി മലയാളിയുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ രാഷ്ട്രീയമുഖവും തിരിച്ചറിയാന്‍ അവസരമൊരുക്കി. സോഷ്യല്‍മീഡിയയിലും രാഷ്ട്രീയ ചേരി തിരിഞ്ഞ് പോരായി. സര്‍ക്കാറിനെതിരെ വ്യാപകമായ പ്രചരണം നടന്നു. അതോടൊപ്പം തന്നെ പ്രതിരോധിക്കുന്ന പോസ്റ്റുകളുമായി മറുഭാഗത്തുള്ളവരും സജീവമായി.

‘രാഷ്ട്രീയത്തിലായാലും മാധ്യമ പ്രവര്‍ത്തനത്തിലായാലും വിശാലമായ പൊതു താല്പര്യം മാത്രമാണ് മുന്നില്‍ നില്‌ക്കേണ്ടത്. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയ പോരാളികളുടേയും മുന്‍ഗണനകളിലും പരിഗണനാ വിഷയങ്ങളിലും വന്ന അപചയമാണ് ദുരന്തങ്ങളെ ആഘോഷവും മുതലെടുപ്പുമാക്കുന്നത്. അഭിനയ സിദ്ധി കൂടുതലുള്ളവര്‍ പരിഗണിക്കപ്പെടുന്നു. അല്ലാത്തവര്‍ തെറിവിളി കേള്‍ക്കുന്നു. നീതിബോധമില്ലാത്ത സമൂഹത്തിലെ വിവേക ദാരിദ്രമാണിവിടെ പ്രശ്‌നം.’ മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജി നിരീക്ഷിക്കുന്നു.

സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം രാഷ്ട്രീയക്കാരില്‍ മാത്രം ഒതുങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഫേസ്ബുക്കിലൂടെ മുന്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ പ്രതികരിച്ചു.

‘ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു?’ കുര്യനെയും എബ്രഹാമിനെയും പിടിച്ച് കരണക്കുറ്റിക്കൊന്ന് കൊടുക്കാന്‍ കഴിയാത്തതാണ് നാടിന്റെ ദുരന്തമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Image result for ഓഖി

 

ഇതിനിടെ യാഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെയായിരുന്നു അത്തരം അഭിപ്രായങ്ങളും.

‘കടലില്‍പ്പെട്ടു പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നാണ് പ്രതീക്ഷ. കരയിലുള്ളവര്‍ക്കും ആശ്വാസം പകരാന്‍ സര്‍ക്കാരിന് കഴിയണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം കരപ്പിടിപ്പിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും നടപടി സ്വീകരിക്കണം. കേവലം കണക്ക് നോക്കിയുള്ള നഷ്ടപരിഹാരം നല്‍കലില്‍ നടപടികള്‍ അവസാനിക്കരുതെന്ന്’ മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഭരണനേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും അതിനെ പക്വതയോടെ നേരിടുകയാണ് വേണ്ടത്. അത് വിവാദങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള വേദിയല്ല. മാധ്യമങ്ങളുടേയും രാഷ്ടീയക്കാരുടേയും അജണ്ടകള്‍ നടപ്പാക്കാനുള്ള അവസരവുമല്ല. ഭിന്നിപ്പിക്കുകയെന്ന ദുരന്തത്തിലേക്ക് രാഷ്ട്രീയ നേതൃത്വം മാറുമ്പോള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കാനാണ് കാലതാമസം നേരിടുന്നത്. മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വസ്തൂതാപരമാണോയെന്നും പരിശോധിക്കപ്പെടണം. ദുരന്തങ്ങളെ നേരിടുന്നതിനുള്ള അന്താരാഷ്ട്ര മാതൃകകള്‍ മലയാളിയും കണ്ട് പഠിക്കണം.