തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മായം കലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

തമിഴ്‌നാട്ടില്‍ നിന്നും വന്ന ചില പാലുത്പന്നങ്ങളില്‍ മായം കണ്ടെത്തിയത് ഗുരുതരമായ വിഷയമാണെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേരുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ അവ ഇനി വിപണിയിലെത്തുകയുള്ളു. ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണനയെന്നും അതിനായി സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോര്‍മാലിന്‍ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.

ദിണ്ഡുക്കലില്‍ നിന്നുള്ള ഹെറിറ്റേജ് ഫുഡ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ‘ഹെറിറ്റേജ് പത്മനാഭ’, തിരുനെല്‍വേലിയിലെ വടക്കന്‍കുളം സോഫിയ രാജാ മില്‍ക്കിന്റെ ‘ജേഷ്മ മില്‍ക്’, കന്യാകുമാരിയിലെ അരുവാള്‍മൊഴിയിലെ മൈമ മില്‍ക് പ്ലാന്റിന്റെ ‘മൈമ’ എന്നീ പേരുകളിലുള്ള പാലും പാലുത്പന്നങ്ങളുമാണ് ഒരു മാസത്തേക്ക് കേരളത്തില്‍ നിരോധിച്ചത്.

തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഈ പാലുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. കമ്പനികളുടെ പ്ലാന്റുകളും മറ്റും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.