എഡിറ്റര്‍
എഡിറ്റര്‍
ജയരാജന്റെ അറസ്റ്റ്: തിരുവഞ്ചൂരിന്റെ ഓഫീസിന് പ്രത്യേകസുരക്ഷ
എഡിറ്റര്‍
Wednesday 1st August 2012 12:58pm

കോട്ടയം: അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പി. പി.ജയരാജനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കോട്ടയം എം.എല്‍.എ കൂടിയായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി.

Ads By Google

ഇതിനുമുന്‍പ് പല സംഭവങ്ങളിലും തിരുവഞ്ചൂരിന്റെ ഓഫീസിന് നേര്‍ക്ക് കല്ലേറും അക്രമവും നടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോട്ടയത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുലര്‍ത്തണമെന്നും പോലീസ് മേലധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സി.പി.ഐ.എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. നേരത്തെ ജയരാജനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലേക്ക് കൊണ്ടുപോയ വാഹനത്തിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു.

ഇതിനുപിന്നാലെ കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും ഫോറന്‍സിക് ലാബിനു നേര്‍ക്കും ട്രാഫിക് സ്റ്റേഷന് നേര്‍ക്കും കല്ലേറുണ്ടായി. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു.

കോടതിക്ക് പുറത്ത് പോലീസ് ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ പലയിടത്തും അക്രമങ്ങള്‍ തടയുന്നതിനാവശ്യമായ പോലീസിനെ വിന്യസിച്ചിട്ടില്ല. സി.പി.ഐ.എം ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

Advertisement