എറണാകുളം: എറണാകുളം സബ് ജയിലിന് സായുധ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നു. ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ ആവശ്യപ്രകാരമാണിത്.

തീവ്രവാദക്കേസിലെ പ്രതികളെ താമസിപ്പിക്കുന്ന ജയിലായതിനാല്‍ അതീവ സുരക്ഷ ആവശ്യമാണെന്നു കാണിച്ച്  ഡി.ജി.പി ജേക്കബ് പുന്നൂസ് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. തടിയന്റവിട നസീറുള്‍പ്പെടെയുള്ള തടവുകാരെ വിസ്താരത്തിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മറ്റും കൊണ്ടുപോകുന്നത്‌ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

Subscribe Us:

തീവ്രവാദക്കേസില്‍ പിടിയിലായ നിരവധി പ്രതികള്‍ എറണാകുളം സബ് ജയിലില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ജയിലിലെ സുരക്ഷാസംവിധാനങ്ങള്‍ വളരെ പരിമിതമാണ്. ചുരുങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ സുരക്ഷയ്ക്കായി ഉള്ളത്.

ജനവരി ഏഴിന് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള 16 അംഗ സംഘത്തെ സുരക്ഷാ സൗകര്യങ്ങളുടേയും ജീവനക്കാരുടെയും കുറവുമൂലം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലില്‍ നിന്നും തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.

എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാനാണ് സംഘത്തെ ചിറ്റേത്തുകര ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ബാഗ്ലൂരിലെ ബെന്‍ഗാം സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് സംഘത്തെ എറണാകുളത്ത് എത്തിച്ചത്.

എന്നാല്‍ കേസ്സിലെ പ്രതികളായ സംഘത്തെ സുരക്ഷയില്ലാത്ത ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് രാത്രി തന്നെ ഇവരെ തിരിച്ചുവിട്ടത്.
തീവ്രവാദക്കേസിലെ വിചാരണ തുടങ്ങാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ജയിലില്‍ സായുധ പോലീസിനെ നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

Malayalam News

Kerala News In English