എഡിറ്റര്‍
എഡിറ്റര്‍
അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജും ദൗത്യസംഘവും
എഡിറ്റര്‍
Thursday 6th June 2013 4:12pm

jayaram-ramesh..

പാലക്കാട്: അട്ടപ്പാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന്  കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ് അറിയിച്ചു.

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജാര്‍ഗണ്ഡ് മാതൃകയില്‍ അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കും.  500 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളാണു നടപ്പാക്കുന്നത്.

Ads By Google

ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതാണ് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇതു പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനു വേണമെന്നും ജയറാം രമേശ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെട്ട സംഘത്തിനൊപ്പം അട്ടപ്പാടി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് സമഗ്രപാക്കേജ് പ്രഖ്യാപിച്ചത്.

അഗളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പോഷകാഹാരക്കുറവ് മൂലം ശിശുക്കള്‍ മരിച്ച അട്ടപ്പടിയിലെ ഊരുകള്‍ ജയറാം രമേശ് സന്ദര്‍ശിച്ചു.

സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി മൂന്നു വര്‍ഷത്തെ കാര്‍ഷിക പാക്കേജ് നടപ്പാക്കാനും അന്‍പതു കോടി നല്‍കും. പട്ടിക വര്‍ഗ പ്രദേശങ്ങളില്‍ കുടുംബശ്രീകളുടെ പ്രത്യേക സംരംഭത്തിന് അന്‍പതു കോടി അനുവദിക്കും.

അട്ടപ്പാടിയിലെ 27കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രിയുടെ റോഡ് വികസന ഫണ്ടില്‍ ഉള്‍പെടുത്തി നവീകരിക്കും. പട്ടിക വര്‍ഗക്കാരായ കര്‍ഷക തൊഴിലാളികളെ ഉള്‍പെടുത്തി കൃഷി സംരംഭങ്ങള്‍ തുടങ്ങും.

കാര്‍ഷിക മേഖലയ്ക്ക് സഹായമായി മഹിളാകിസാന്‍ കാര്‍ഷികപദ്ധതി, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക വഴി കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വരുമാനമാര്‍ഗ്ഗം, സമ്പൂര്‍ണ മദ്യനിരോധനത്തിനായി ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങിയവയൊക്കെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സമഗ്രപാക്കേജിന്റെ ഭാഗമാണ്.

വീടില്ലാത്ത രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് 75,000 രൂപ വീതം ധനസഹായം അനുവദിക്കും. ചിലവില്‍ 12 കോടി കേന്ദ്രവും മൂന്നു കോടി സംസ്ഥാനവും വഹിക്കും.

500 യൂവതീയുവാക്കളെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍കിയ ശേഷം അട്ടപ്പാടിയ്ക്ക് പുറത്തുള്ള കമ്പനികളില്‍ ജോലി നേടിക്കൊടുക്കും. ഇതിനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

പദ്ധതി നടത്തിപ്പിനും ഏകീകരണത്തിനുമായി കേന്ദ്ര ഗ്രാമ വികസന അഡീഷണല്‍ സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തില്‍ സംഘത്തെ ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ എ.പി.അനില്‍കുമാര്‍,  ഡോ. എം.കെ.മുനീര്‍, വി.എസ്. ശിവകുമാര്‍, പി.കെ.ജയലക്ഷ്മി എന്നിവരോടുമൊപ്പമാണ് ജയറാം രമേശ് അട്ടപ്പാടിയില്‍ എത്തിയത്.

Advertisement