തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായ കേസുകളും ആരോപണങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ നീക്കം. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും ഈ സംഘത്തിന്റെ ചുമതല. നവംബറോടെ ഈ സംഘം നിലവില്‍ വരുമെന്നാണ് സൂചന.

വി.എ അരുണ്‍കുമാറിനെതിരെയുള്ള മുഴുവന്‍ ആരോപമങ്ങളും കേസുകളും ഈ സംഘത്തെ ഏല്‍പ്പിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പ്.

ഐ.എച്ച്.ആര്‍.ഡിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍, ജയില്‍ശിക്ഷ അനുഭവിക്കുന്ന സന്തോഷ് മാധവന്‍ അരുണ്‍കുമാറിനെതിരെ നല്‍കിയ മൊഴി, മുഖ്യമന്ത്രിയുടെ മകനെന്ന പദവി ദുരുപയോഗം ചെയ്തുവെന്നാരോപിക്കപ്പെടുന്ന മറ്റു പരാതികളുമാണ് പ്രാധാന്യമുള്ളവ.

വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷണം നടത്തുകയെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നാണറിയുന്നത്.

ഐ.എച്ച്.ആര്‍.ഡി നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സന്തോഷ് മാധവന്‍ നല്‍കിയ മൊഴി ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.