ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ അഫ്‌സല്‍ ഗുരു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ തബസ്സും.

സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച അഫ്‌സല്‍ ഗുരുവിനെ സുരക്ഷാ സൈനികര്‍ അതിന് അനുവദിച്ചില്ലെന്നും തബസ്സും ആരോപിക്കുന്നു. ഡി.എന്‍.എ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തബസ്സും ഇക്കാര്യം പറയുന്നത്.

Ads By Google

Subscribe Us:

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിഭജനവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവന്ന് കീഴടങ്ങി. പിന്നീട് സാധാരണ ജീവിതം നയിച്ച അഫ്‌സലിനെ രഹസ്യവിവരങ്ങള്‍ നല്‍കുന്നതിനായി സുരക്ഷാ ഏജന്‍സികള്‍ നിര്‍ബന്ധിച്ചിരുന്നതായും തബസ്സും പറയുന്നു.

എന്നാല്‍ സേനയുടെ ആവശ്യം നിരസിച്ചതോടെ അഫ്‌സല്‍ ഗുരുവിനെ പിടിച്ച്‌കൊണ്ടുപോകുകയും കസ്റ്റഡിയില്‍ നിന്ന് വിട്ട് കിട്ടാന്‍ ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ ചോദിച്ചതായും തബസ്സും പറയുന്നു.

ഇതിനുള്ള പണം കണ്ടെത്താന്‍ തന്റെ ആഭരണം വിറ്റതായും തബസ്സും പറയുന്നു. കടുത്ത പീഡനങ്ങളാണ് അഫ്‌സല്‍ ഗുരുവിന് കസ്റ്റഡിയില്‍ അനുഭവിക്കേണ്ടി വന്നത്. ഈ പീഡനങ്ങളെ കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും തബസ്സും പറഞ്ഞു.

പീഡനം സഹിക്കാന്‍ വയ്യാതെ കീഴടങ്ങിയതാണ് പാര്‍ലമെന്റ് കേസില്‍ ഉള്‍പ്പെടാന്‍ കാരണമായത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഉള്‍പ്പെട്ട താരീഖ്, മുഹമ്മദ് എന്നിവരെ ദല്‍ഹിയില്‍ എത്തിക്കാന്‍ അഫ്‌സലിന് നിര്‍ദേശം നല്‍കിയത് ജമ്മു കാശ്മീര്‍ പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ്.

ഇവര്‍ ആരാണെന്ന് പോലും അഫ്‌സലിന് അറിയില്ലായിരുന്നു. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇത് ചെയ്തതെന്ന് കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തത് പോലീസ് ഭാഷ്യം മാത്രമാണെന്നും തബസ്സും ആരോപിക്കുന്നു.