കൊല്ലം: കൊട്ടാരക്കര വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനെ ക്രൂരമായി ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം റൂറല്‍ എസ്.പി പി.പ്രകാശിന്റെ നേതൃത്വത്തിലാണ് എട്ടംഗ അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കൊട്ടാരക്കര ഡി.വൈ.എസ്.പിയാണ് ഇതുവരെ അന്വേഷണം നടത്തിയിരുന്നത്.

അധ്യാപകനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്ത് ഉച്ചയ്ക്കുശേഷം ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ വാളകം രാമവിലാസം സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ 15 പേര്‍ക്ക് പരിക്കേറ്റു. 20 പേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്‌കൂളിലെ ചരിത്രാധ്യാപകനായ ആര്‍.കൃഷ്ണകുമാറാണ് ചൊവ്വാഴ്ച രാത്രി ക്രൂരമായി മര്‍ദ്ദനത്തിനിരയായത്. ഇദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.