ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ വിചാരണ ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ നടക്കും. ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസാവും വിചാരണ കാര്യങ്ങള്‍ തീരുമാനിക്കുക.

Ads By Google

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. ഇക്കാര്യം ഏപ്രില്‍ രണ്ടിന് ഇനി കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെയാവും വിചാരണ തുടങ്ങുക.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയം വഴി പ്രത്യേക കോടതി രൂപീകരിക്കാന്‍ ഉത്തരവ് നല്‍കിയത്.

കേസിന്റെ വിചാരണ കൊല്ലത്ത് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
കേസിലെ സുപ്രധാന രേഖകളെല്ലാം കൊല്ലം സെഷന്‍സ് കോടതിയിലാണ് ഉളളതെന്നും കേസിലെ മൊഴിയെല്ലാം മലയാളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു.