തിരുവനന്തപ്പുരം: തീവ്രവാദ സ്‌ഫോടനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കളുടെ ദുരുപയോഗം തടയാന്‍ സംസ്ഥാനങ്ങളില്‍ എക്‌സ്‌പ്ലോസീവ് സ്‌പെഷ്യല്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഏജന്‍സി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

കേരളത്തില്‍ സെല്‍ രൂപീകരിക്കാന്‍ പൊലീസ് വകുപ്പ് തീരുമാനിച്ചതായി സ്‌റ്റേറ്റ് പൊലീസ് ചീഫ് ജേക്കബ് പുന്നൂസ് വ്യക്തമാക്കി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സായിരിക്കും സെല്ലിന്റെ ആസ്ഥാനം. അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ഇന്റലിജന്‍സ് എ. ഡി. ജി. പിയുടെ മേല്‍നോട്ടത്തിലായിരിക്കും പരിശോധനകളെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ലൈസന്‍സ് ലഭിച്ച വ്യക്തികളുടെ സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ ഡേറ്റാബേസ് തയാറാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണു ഡേറ്റാബേസ് തയാറാക്കുക. ലൈസന്‍സ് നല്‍കിയ ദിവസം, ഇഷ്യുയിങ് അഥോറിറ്റി, ലൈസന്‍സ് കാലാവധി അവസാനിക്കുന്ന ദിവസം, പരമാവധി സൂക്ഷിക്കാവുന്ന സ്‌ഫോടകവസ്തുക്കളുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ എന്നിവ ഡാറ്റാബേസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.

സ്‌ഫോടകവസ്തുക്കളുടെ ശേഖരണവും കൈമാറ്റവുമായി ബന്ധപ്പെട്ട് 2010 ജനുവരി ഒന്നിനുശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ സമ്പൂര്‍ണവിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെതന്നെ ഈ കാലയളവില്‍ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങളും ഡിജിറ്റല്‍ രേഖയാക്കും. പുതിയതായി ലൈസന്‍സ് അനുവദിക്കുന്ന വ്യക്തികളെയും നിരീക്ഷിക്കാന്‍ നീക്കമുണ്ട്.

ലൈസന്‍സികളില്‍ നടത്തിയ പരിശോധന, കേസിന്റെ വിവരങ്ങള്‍, കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍, അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് എല്ലാമാസവും അഞ്ചാം തീയതിക്കകം എക്‌സ്‌പ്ലോസീവ് സ്‌പെഷ്യല്‍ സെല്ലിന് സമര്‍പ്പിക്കണമെന്നും ഡിസ്ട്രികറ്റ് പൊലീസ് ചീഫുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.