എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങള്‍ ഭയപ്പാടോടെ പൊലീസിനെ സമീപിക്കുന്ന രീതി നിര്‍ഭാഗ്യകരം; ആത്മപരിശോധന നടത്തണമെന്ന് സ്പീക്കര്‍
എഡിറ്റര്‍
Thursday 27th April 2017 11:49am

തിരുവനന്തപുരം: ജനങ്ങള്‍ ഭയപ്പാടോടെ പൊലീസിനെ സമീപിക്കുന്ന രീതി നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഈ രീതിയില്‍ മാറ്റം വരണം. വികസന കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ പൊതു സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമനിര്‍മ്മാണ സഭ ലക്ഷ്യം നിറവേറ്റിയോ എന്ന ആത്മ പരിശോധന നടത്തണണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് എത്തിയോ എന്ന് പരിശോധിക്കണം.

പൊതു സമൂഹത്തിന് ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭ. വികസനത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചെങ്കിലും നഷ്ടപ്പെട്ട അവസരങ്ങള്‍ വിസ്മരിച്ചു കൂടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

1957 ഏപ്രില്‍ 27 നാണ് ഒരു ദിവസത്തേക്ക് മാത്രമായി ആദ്യ കേരള നിയമസഭയുടെ സമ്മേളനം നടന്നത്. സെക്രട്ടറിയേറ്റ് മന്ദിരത്തിലെ നിയമസഭാ ഹാളിലായിരുന്നു സഭ സമ്മേളിച്ചത്. 1998 ജൂണ്‍ 29നാണ് ഇവിടെ് അവസാന സമ്മേളനം നടന്നത്.

ആദ്യ നിയമസഭക്ക് ആദരമര്‍പ്പിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് പഴയ അസംബ്ലി ഹാളിലാണ് ചേര്‍ന്നത്. സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും മഹത്തായ സന്ദേശമാണ് പ്രത്യേക നിയമസഭ നല്‍കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

കേരള പിറവിക്കുശേഷം നിലവില്‍ വന്ന ആദ്യ നിയമസഭക്ക് വര്‍ത്തമാന കാല നിയമസഭയുടെ ആദരമര്‍പ്പിക്കാനായി പ്രത്യേക ബില്ലും പാസാക്കും. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പഴയ ഹാളില്‍ സഭ ചേരുന്നത്.

അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് രാവിലെ നിയമസഭാ മന്ദിരത്തിനു മുന്നിലെ ഗാന്ധിജി, നെഹ്റു, അംബേദ്കര്‍ പ്രതിമകള്‍ക്കു മുന്നിലും, നിയമസഭാ വളപ്പിനു പുറത്തുളള ഇംഎംഎസ,് പ്രതിമക്കു മുന്നിലും സ്പീക്കറുടെ നേതൃത്വത്തില്‍ സാമാജികര്‍ പുഷ്പാര്‍ച്ചന നടത്തി. ഇഎംഎസ് പ്രതിമക്കു മുന്നിലെ പുഷ്പാര്‍ച്ചനയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടു നിന്നു. രണ്ടു ദിവസമായി എംഎം മണി വിഷയത്തില്‍ സഭ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ഇന്നത്തെ പ്രത്യേക സമ്മേളനവുമായി സഹകരിച്ചിട്ടുണ്ട്.

Advertisement