എഡിറ്റര്‍
എഡിറ്റര്‍
സഭ രാഷ്ട്രീയ കോടതിയല്ല; സ്പീക്കര്‍ ജഡ്ജിയുമല്ല; വീണ്ടും സ്പീക്കറുടെ റൂളിങ്
എഡിറ്റര്‍
Tuesday 14th March 2017 1:01pm

തിരുവനന്തപുരം: സഭ രാഷ്ട്രീയ കോടതിയല്ലെന്നും സ്പീക്കര്‍ ജഡ്ജിയുമല്ലെന്നും സ്പീക്കറുടെ റൂളിങ്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് വീണ്ടും സ്പീക്കറുടെ റൂളിങ് വന്നിരിക്കുന്നത്.

സഭാ നടപടികളെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നത് ഖേദകരമാണ്. സഭ രാഷ്ട്രീയ കോടതിയല്ല. സ്പീക്കര്‍ ജഡ്ജിയുമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. റൂളിങ്ങിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത് ശരിയാണോ എന്ന് സ്പീക്കര്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കാത്തതിനെതിരെയായിരുന്നു റൂളിങ്. സ്പീക്കറുടെ റൂളിങ്ങിനെതിരെ സഭയ്ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷം അസഹിഷ്ണുത കാണിക്കുകയാണ്. താനൂരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ചിലരുടെ അസഹിഷ്ണുതയാണെന്നും പിണറായി പറഞ്ഞു.

സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്‌ക്രിയമായിരുന്ന പൊലീസ് പിന്നീടു തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ മുസ്ലിം ലീഗ് അംഗം എന്‍. ഷംസുദീന്‍ ആരോപിച്ചു. താനൂരില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

പൊലീസ് ഭരണകക്ഷിക്ക് ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മുസ്‌ലിം ലീഗുകാര്‍ സിപിഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ പറഞ്ഞു. ലീഗുകാര്‍ പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചതായും അബ്ദുറഹിമാന്‍ ആരോപിച്ചു.

ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പരാമര്‍ശം സഭാരേഖകകളില്‍നിന്നു നീക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. മുസ്ലിം ലീഗിനു വിദേശസഹായമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശവും രേഖകളില്‍നിന്നു നീക്കി. പിന്നാലെ, വി. അബ്ദുറഹ്മാനെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു.

Advertisement