തിരുവനന്തപുരം: നാല് പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ ശാസന. സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയതിനാണ് ശാസന നല്‍കിയത്.

Ads By Google

പ്രതിപക്ഷത്തെ കെ.കെ. ലതിക, അയിഷാ പോറ്റി, കെ.എസ്. സലീഖ, ജമീല പ്രകാശം എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്.

എം.എല്‍.എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു വനിതാ എംഎല്‍എമാര്‍ വന്നതു ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത് സഭയോടുള്ള അനാദരവാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

ഈ എം.എല്‍.എമാരെ കക്ഷിനേതാക്കള്‍ക്ക് നിയന്ത്രിക്കാനാകാത്തത് അത്ഭുതവും അതിലേറെ ഖേദകരവുമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ അംഗീകരിച്ച് തരാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇന്നലെയാണ് സഭയെ ഞെട്ടിപ്പിച്ചുകൊണ്ട് പോലീസ് മര്‍ദനമേറ്റ വനിതാ അംഗങ്ങള്‍ക്ക് നീതിവേണമെന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് സ്പീക്കറുടെ നാലു ഭാഗത്തുമായി ഇവര്‍ പോഡിയത്തിലേക്ക് ഇരച്ചുകയറിയത്.

വനിതാ എം.എല്‍.എമാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇന്നലെ സര്‍ക്കാര്‍ തള്ളിയിരുന്നു.

രണ്ട് വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭത്തില്‍ പ്രതിപക്ഷം ഇന്നലെ  അടിയന്തരപ്രമേയം നിയമസഭയില്‍ കൊണ്ടുവന്നെങ്കിലും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.