ന്യൂദല്‍ഹി: സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വി   ഹിന്ദുസ്ഥാന്‍ ടൈസില്‍ എഴുതിയിരുന്ന കോളം അവസാനിപ്പിച്ചു. ‘കൗണ്ടര്‍ പോയിന്റ്’ എന്ന പേരില്‍ ഇരുപതുവര്‍ഷമായി സാങ്‌വി എഴുതിയിരുന്ന കോളമാണ് അവസാനിപ്പിച്ചത്.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട സാങ്‌വി യ്ക്ക് നേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കുന്ന കോളത്തോടെ കൗണ്ടര്‍ പോയിന്റ് അവസാനിപ്പിക്കുകയായിരുന്നു. ( മൈ റസ്‌പോണ്‍സ് ടു ദ റേഡിയോ ട്രാന്‍സ്‌ക്രിപ്റ്റ്‌സ്)

എന്റെ ജീവിതം ചില പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. തല്‍ക്കാലം കൊളമെഴുത്തില്‍ നിന്നും അവധിയെടുക്കുന്നു. കാര്യങ്ങള്‍ സാധാരണ നിലയിലെത്തിയാല്‍ എഴുത്ത് തുടരും. സാങ് വി പറയുന്നു.

അതേസമയം സ്‌പെക്ട്രം അഴിമതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടത് പ്രസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഇതില്‍ ഉള്‍പ്പെട്ടത് നിര്‍ഭാഗ്യകരമാണ്. പത്രപ്രവര്‍ത്തന മേഖലയ്ക്കുതന്നെ നാണക്കേടാണ് ഈ സംഭവം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.