‘മങ്കാത്ത’ എന്ന സിനിമയുടെ ആഘോഷച്ചടങ്ങിനിടെ എസ്.പി.ബി ചരണ്‍ തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതി ഗ്ലാമര്‍ നടി സോന പിന്‍വലിച്ചു. ചരണിന്റെ പിതാവും ഇന്ത്യന്‍ സിനിമാ സംഗീതലോകത്തെ അതികായനുമായ എസ്.പി ബാലസുബ്രഹ്മണ്യം കേസില്‍ ഇടപെട്ടതാണ് സോനയുടെ മനംമാറ്റത്തിന് കാരണം.

ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ചരണ്‍ പരസ്യമായി മാപ്പുപറയേണ്ടിവരും. കഴിഞ്ഞ ദിവസം സോനയും ചരണും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എസ് പി ബാലസുബ്രഹ്മണ്യവും കുടുംബവും, സോനയുടെ കുടുംബം, മങ്കാത്തയുടെ സംവിധായകന്‍ വെങ്കട് പ്രഭു, പ്രേംഗി അമരന്‍, വൈഭവ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സോനയുടെയും ചരണിന്റെയും കൂടിക്കാഴ്ച.

ഈ കൂടിക്കാഴ്ചയില്‍, ചരണ്‍ പരസ്യമായി സോനയ്ക്ക് മാപ്പ് എഴുതി നല്‍കണമെന്ന് ധാരണയായതായാണ് റിപ്പോര്‍ട്ട്. ചരണിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ആദ്യമൊന്നും സോന തയ്യാറായിരുന്നില്ല. എന്നാല്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സോന ഒത്തുതീര്‍പ്പിന് വഴങ്ങിയെന്നാണ് സൂചന.

തമിഴ് ചിത്രമായ മങ്കാത്തയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി നടന്‍ വൈഭവ് ഒരുക്കിയ പാര്‍ട്ടിക്കിടെ മദ്യപിച്ച് ലക്ക് കെട്ട ചരണ്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും അതിന് പുറമേ മോശം പദപ്രയോഗങ്ങളും നടന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നുമാണ് സോനയുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ചെന്നൈ ടി നഗറിലുള്ള വൈഭവിന്റെ വസതിയിലായിരുന്നു പാര്‍ട്ടി നടന്നത്. വെങ്കിട്ട് പ്രഭുവിന്റെ സംഘത്തിലുള്ള നടന്‍ അരവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബുധനഴ്ച രാവിലെയാണ് സോന വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. വാര്‍ത്താ സമ്മേളനത്തിനിടെ നടി വിങ്ങിപ്പൊട്ടുകയും ചെയ്തിരുന്നു.. പൊതുവേദിയില്‍ നടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും സോന വ്യക്തമാക്കിയിരുന്നു.