Administrator
Administrator
ഹൂലേ..ഹൂലേ..എസ്പാനിയ
Administrator
Monday 12th July 2010 10:04am

സുരാജ്

ജൊഹനാസ്ബര്‍ഗ്: വെല്‍ഡണ്‍ പോള്‍, വെല്‍ഡണ്‍ ഇനിയേസ്റ്റ.തോല്‍വിയോടെ തുടങ്ങിയ പോരാട്ടം കന്നി ലോകകപ്പ് കിരീടനേട്ടത്തിലൂടെ സ്‌പെയിന്‍ പൂര്‍ത്തിയാക്കി. തോല്‍വിയറിയാതെ കുതിച്ച ഹോളണ്ട് ഫൈനലില്‍ സ്‌പെയിനിന്റെ വേഗതക്കുമുമ്പില്‍ അടിയറവു പറഞ്ഞു. അധികസമയത്തിന്റെ 116 ാം മിനുറ്റില്‍ ചുവന്ന സുന്ദരന്‍ ഇനിയെസ്റ്റ സ്‌പെയിനായി ചരിത്രമെഴുതി. ഒരുമാസം നീണ്ട ഫുട്‌ബോള്‍ ആരവങ്ങള്‍ക്കുവിട. ഇനി 2014 ല്‍ ബ്രസീലില്‍.

വിവ…സ്‌പെയിന്‍

യൂറോപ്യന്‍ ഫുട്‌ബോളിന്റെ മാസ്മരികസൗന്ദര്യം വ്യക്തമാക്കിയ കളുിയുടെ ആദ്യപകുതി സ്‌പെയിനിന്റെതായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ കുതിച്ച സ്പാനിഷ് മുന്നേറ്റനിരക്കൊപ്പമെത്താന്‍ റോബനും സ്‌നൈഡറും കുയ്റ്റും നന്നേ വിഷമിച്ചു. എന്നാല്‍ വിയ്യയെയും സാവിയെയും കെട്ടിയിടുന്നതില്‍ ഹോളണ്ടിന്റെ മധ്യനിരയും വിജയിച്ചു. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കേ ആര്യന്‍ റൊബേന്റെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി കസീയസ് മനസ്സാന്നിധ്യം കൊണ്ട് രക്ഷപ്പെടുത്തി.

സഭാകമ്പത്തോടെ കളിച്ച ഇരുടീമുകളും രണ്ടാംപകുതിയില്‍ പൂര്‍ണമായും ആക്രമണത്തിലേക്ക് ചുവടുമാറ്റി. ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്തു. ഹോളണ്ടായിരുന്നു മുന്നില്‍. ഓറഞ്ചുപടയിലെ 9 താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 61 ാം മിനുറ്റില്‍ റോബേന് വീണ്ടും മികച്ച അവസരം ലഭിച്ചു. പന്തുമായി ഒറ്റക്കുമുന്നേറിയ റോബന്റെ ഷോട്ട് കസീയസ് സര്‍ക്കസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ കാലുകൊണ്ട് തട്ടിയകറ്റി. പ്രതീക്ഷിച്ചതുപോലെ മധ്യനിരയായിരുന്നു സ്‌പെയിനിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വിയ്യയെ ഹോളണ്ട് ഡിഫന്‍ഡര്‍മാര്‍ പൂട്ടിയപ്പോള്‍ ഇനിയേസ്റ്റക്കും സാവിക്കും പലപ്പോഴും പന്തുമായി മുന്നേറേണ്ടി വന്നു.

നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍ കേെണ്ടത്താത്തതിനാല്‍ കളി എക്‌സ്ട്രാ ടൈമിലേക്ക്. സ്‌നൈഡറും റോബനും യങ്ങും ബ്രാങ്കോസ്റ്റും സ്പാനിഷ് പെനല്‍റ്റി ബോക്‌സില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു, പക്ഷേ ഗോള്‍ മാത്രം വന്നില്ല. അധികസമയത്തിന്റെ 110 ാം മിനുറ്റില്‍ ഹോളണ്ടിന്റെ ഹെയ്റ്റിങ്ക രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തേക്ക്.

116 ാം മിനുറ്റില്‍ സോക്കര്‍സിറ്റിയില്‍ ചരിത്രം പിറന്നു. ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ഫാബ്രിഗസും ടോറസും കളത്തിലിറങ്ങി. പെനല്‍റ്റി ബോക്‌സില്‍ ലഭിച്ച പന്ത് ഫാബ്രിഗസ് ഇനിയേസ്റ്റക്ക് കൈമാറി. ഒന്ന് സ്‌റ്റോപ്പ് ചെയ്ത് ഇനിയേസ്റ്റ തൊടുത്ത ഷോട്ട് വലയുടെ വലതുമൂലയിലേക്ക്, സ്‌പെയിനും ഇനിയേസ്റ്റയും ചരിത്രത്തിലേക്ക്.

ഹോളണ്ട് മുന്നേറ്റനിരയില്‍ വാന്‍പേഴ്‌സി നിറംമങ്ങി. ലഭിച്ച സുവര്‍ണാവസരങ്ങള്‍ റൊബേന് മുതലാക്കാനായതുമില്ല. ഗോള്‍ഡന്‍ ബോള്‍ വേട്ടക്കിറങ്ങിയ സ്‌നൈഡര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. മറുവശത്ത് വിയ്യയെ ഹോളണ്ടുകാര്‍ വരിഞ്ഞുമുറുക്കി. ഫ്രീകിക്കുകള്‍ ഗോളാക്കാന്‍ സാവിക്കും അലോന്‍സോക്കും പുയോളിനും കഴിഞ്ഞതുമില്ല. മൂന്നുലോകകപ്പ് ഫൈനലിലും തോല്‍ക്കുകയെന്ന മാനക്കേടും പേറി ഹോളണ്ട് നാട്ടിലേക്ക്. ജര്‍മനിക്കുശേഷം യൂറോ കപ്പും ലോകകപ്പും സ്വന്തമാക്കിയെന്ന റെക്കോര്‍ഡോടെ സ്‌പെയിന്‍ ചരിത്രത്തിലേക്കും.

ഉറുഗ്വേയുടെ ഡിയാഗോ ഫോര്‍ലാനെ ഈ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തു. അഞ്ച് ഗോളുകള്‍ നേടുകയും മൂന്നുഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ജര്‍മന്‍ താരം തോമസ് മുള്ളറാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

Advertisement