Categories

കന്നിക്കിരീടത്തിന് കാളപ്പോരുകാര്‍

സുരാജ്

ഡര്‍ബന്‍: നീരാളി ‘പോളി’ന്റെ പ്രവചനം ഇത്തവണയും തെറ്റിയില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ജര്‍മനി സ്‌പെയിനിനു മുന്നില്‍ കവാത്ത് മറന്നു. കളിയുടെ സമസ്തമേഖലയിലും ആധിപത്യം പുലര്‍ത്തിയ സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക്. ഞായറാഴ്ച്ച സോക്കര്‍സിറ്റി സ്‌റ്റേഡിയത്തില്‍ ഹോളണ്ടുമായി സ്‌പെയിന്‍ ഏറ്റുമുട്ടും.

യൂറോ കപ്പ് വിജയത്തിന്റെ ആത്മവിശ്വാസവും കിനാവള്ളി ‘പോളിന്റെ’ പ്രവചനവും കൈമുതലാക്കി കളിക്കാനിറങ്ങിയ സ്‌പെയിന്‍ ജര്‍മനിയെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളിയുടെ തുടക്കം മുതലേ കാളപ്പോരുകാര്‍ ആക്രമിച്ചു കളിച്ചു. കൗണ്ടര്‍ അറ്റാക്കിംഗിന് പേരുകേട്ട ജര്‍മനിക്ക് ഇന്നലെ അതിനും സാധിച്ചില്ല. മധ്യനിരയില്‍ നിന്നും ഇനിയേസ്റ്റയും സാവിയും പുയോളും നടത്തിയ നീക്കങ്ങള്‍ ജര്‍മന്‍ ഗോളിക്ക് പിടിപ്പത് പണിയുണ്ടാക്കി. മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌പെയിനിന് ഗോള്‍മാത്രം കണ്ടെത്താനായില്ല

രണ്ടാംപകുതിയില്‍ രണ്ടിലൊന്നുറച്ചാണ് സ്‌പെയിനിറങ്ങിയത്. അതിന് ഫലവും കണ്ടു. 73 ാം മിനുറ്റില്‍ സാവിയെടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച പുയോള്‍ ജര്‍മനിയുടെ വലകുലുക്കി. പേരുകേട്ട ജര്‍മന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കിയാണ് സ്‌പെയിന്‍ വിജയം നേടിയത്. സാവിക്കും അലോന്‍സോയ്ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

ജര്‍മനിക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. ക്ലോസെയും പൊഡോള്‍സ്‌കിയും അടങ്ങുന്ന മുന്നേറ്റനിരക്ക് പന്തെത്തിച്ചുകൊടുക്കാന്‍ ഷ്വാന്‍സൈഗറിനും ഖദീറെയ്ക്കും ബോട്ടെങ്ങിനും കഴിഞ്ഞില്ല. പ്രതീക്ഷിച്ചപോലെ സ്‌പെയിനിന്റെ മധ്യനിരയുടെ പ്രൊഫഷനലിസം ജര്‍മന്‍ മുന്നേറ്റത്തെ വെറും കാഴ്ച്ചക്കാരാക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.