ന്യൂയോര്‍ക്ക്: സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിംഗ് എസ് ആന്‍ഡ് പി വീണ്ടും കുറച്ചു. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിംഗ് AAയില്‍ നിന്ന് AA മൈനസിലേക്കാണ് താഴ്ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് സ്‌പെയിനിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറക്കുന്നത്.

സ്‌പെയിനിന്റെ തുടരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമാണ് റേറ്റിംഗ് കുറക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി. സ്‌പെയിനിന്റെ റേറ്റിംഗ് കുറക്കാന്‍ മറ്റൊരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ് ആന്‍ഡ് പിയുടെ നടപടി ഉണ്ടായിരിക്കുന്നത്.

മൊത്ത ആഭ്യന്തര ഉല്‍പാദന അനുമാനത്തിലെ കമ്മി 11.1 ശതമാനത്തില്‍ നിന്ന് 9.2 ശതമാനമാക്കി കുറക്കാന്‍ സ്‌പെയിനിന് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 4.4 ശതമാനമാക്കി കുറക്കാന്‍ കഴിയുമെന്നാണ് സ്പാനിഷ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മക്കും കുത്തകകളുടെ ആര്‍ത്തിക്കുമെതിരെ അമേരിക്കയുടെ വ്യാപാര തലസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് തെരുവില്‍ ഉടലെടുത്ത പ്രക്ഷോഭത്തിന്റെ അലയൊലികള്‍ സ്‌പെയിനിലും കണ്ടുതുടങ്ങിയിട്ടുണ്ട്.