ബാഴ്‌സലോണ: സ്‌പെയിന്‍ കാളപ്പോരിന്റെ നാടല്ലാതാവുകയാണ്. പ്രാദേശിക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് 2012 ജനുവരി ഒന്നിനു നിലവില്‍ വരുന്നതിനു മുന്‍പായുള്ള അവസാനത്തെ കാളപ്പോര് ഇന്നലെ നടന്നു. ബാഴ്‌സലോണയിലെ 20,000 പേര്‍ക്കിരിക്കാവുന്ന മൊണ്യൂമെന്റിലെ ബുള്‍റിങ്ങ് ഇനി നിണമണിയില്ല.

സ്‌പെയിനിലെ കാനറി ദ്വീപാണ് ഇതിനു മുന്‍പ് കാളപ്പോര് നിരോധിച്ചിട്ടുള്ളത്. കാളപ്പോരിന് ആരാധകര്‍ കുറഞ്ഞതോടെ മൊണ്യൂമെന്റല്‍ ബുള്‍റിങ്ങ് മാത്രമാണ് ഇനി ബാക്കിനില്‍ക്കുന്നത്.

കാളയും മനുഷ്യനും തമ്മിലുള്ള ഈ പോര് നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌പെയിനില്‍ സമരങ്ങള്‍ നടന്നിരുന്നു. ജനപ്രീതി നഷ്ടപ്പെട്ടു തുടങ്ങിയതോടെ കാളപ്പോരിന്റെ എണ്ണത്തില്‍ 34% കുറവാണ് 2007-2010 കാലയളവിലുണ്ടായത്. പുതുതലമുറ ഇതില്‍ ഒട്ടും തല്‍പരരല്ല എന്ന് സ്‌പെയിനില്‍ നടന്ന സര്‍വ്വേകള്‍ കാണിക്കുന്നു. നിരോധനത്തിനായി മൃഗസ്‌നേഹികള്‍ 1,80,000 പേരുടെ ഒപ്പുശേഖരണം നടത്തിയിരുന്നു.

എന്നാല്‍ വിലക്ക് നീക്കാന്‍ അഞ്ചു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ കാളപ്പോരിനെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചിട്ടുണ്ട്. അനുകൂലികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. നവംബര്‍ 20ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാളപ്പോരിനെ അനുകൂലിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് കാളപ്പോര് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്.