ഫ്‌ളോറിഡ:  രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ കാര്‍ഗോ സര്‍വീസിന് തുടക്കമായി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ആവശ്യമായ ചരക്കുകളുമായി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസിന്റെ (സ്‌പേസ് എക്‌സ്) ഡ്രാഗണ്‍ എന്ന പേടകവും വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ആദ്യമായി കുതിച്ചുയര്‍ന്നത്.

Ads By Google

ശാസ്ത്ര ഉപകരണങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും അടങ്ങുന്ന 454 കിലോ വസ്തുക്കളാണ് ആദ്യ കാര്‍ഗോയില്‍ ഉള്ളത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി കൈകോര്‍ത്താണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണം. ഇതിനായി 1.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് സ്‌പേസ് എക്‌സുമായി ഉണ്ടാക്കിയിരിക്കുന്നത്.

ഇത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് 18 ദിവസത്തിനുശേഷം ഡ്രാഗണ്‍ ഭൂമിയിലേക്കു മടങ്ങും. ഇത്തരം 12 കാര്‍ഗോ സര്‍വീസുകള്‍ക്കായി 160 കോടി ഡോളറിന്റെ കരാറാണ് നാസയും സ്‌പേസ് എക്‌സും തമ്മിലുള്ളത്.

കഴിഞ്ഞ മേയില്‍ നടത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് തുടര്‍ന്നുള്ള യാത്രകളും സ്‌പേസ് എക്‌സിനൊപ്പമാക്കാന്‍ നാസ തീരുമാനിച്ചത്.

മേയില്‍ കമ്പനി ബഹിരാകാശ നിലയത്തിലേക്ക് ആദ്യ പരീക്ഷണയാത്ര നടത്തിയിരുന്നു. ബഹിരാകാശ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കുന്നതിലും തിരിച്ചു സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്നതിലും വിജയിക്കുകയും ചെയ്തു.

എലണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി. ഇന്റര്‍നെറ്റിലൂടെ പണംകൈമാറ്റം സാധ്യമാക്കുന്ന പേപാലിന്റെ സഹസ്ഥാപകന്‍ കൂടിയാണ് മസ്‌ക്.

അമേരിക്ക അതിന്റെ സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് അവസാനിപ്പിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ പിന്നീടുള്ള യാത്രകള്‍ റഷ്യ, ജപ്പാന്‍, യൂറോപ്പ് എന്നിവയുടെ സ്‌പേസ് ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു.