വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ ഉള്ളത് മനുഷ്യന്‍ വസിക്കുന്ന ഭൂമിയിലായിരിക്കും. പലവിധ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തതും പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയതുമാണ്. ഇ-വേസ്റ്റിനെക്കുറിച്ചാകും ലോകം ഏറ്റവും അവസാനം തലപുകഞ്ഞിട്ടുണ്ടാവുക. എന്നാല്‍ ഇനി തലവേദന സൃഷ്ടിക്കാന്‍ പോകുന്നത് ബഹിരാകാശ മാലിന്യങ്ങളാണ്.

ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും തകര്‍ന്ന ഉപഗ്രഹഭാഗങ്ങളും മറ്റും നിറഞ്ഞ ബഹിരാകാശ മാലിന്യങ്ങള്‍ വന്‍ ഭീഷണിയുയര്‍ത്തുന്നതായി യു. എസ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്കും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്കുമെല്ലാം ബഹിരാകാശ മാലിന്യങ്ങള്‍ ഭീഷണിയാകുന്നത് അമേരിക്കന്‍ നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തുന്നത്. ബഹിരാകാശം ശുചീകരിക്കുന്നതിനായി രാജ്യാന്തരതലത്തില്‍ സഹകരണം ആവശ്യമാണെന്നും ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടിരിക്കുന്നു.

ബഹിരാകാശ വാഹനങ്ങളുടെ ബാഹ്യാവരണത്തിനു കനത്ത കേടുപാടുണ്ടാക്കാനും ഇന്ധന ടാങ്കിനു തീ പിടിപ്പിക്കാനുമൊക്കെ ഇവ കാരണമായേക്കും. ബഹിരാകാശത്തു ഇപ്പോള്‍ 600 തകര്‍ന്ന ഉപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പത്തു വര്‍ഷത്തിനകം ഇവ വീണ്ടെടുത്ത് നശിപ്പിക്കാനാവുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം റഷ്യ തയാറാക്കിയിരുന്നു. ഭൂമിക്കു തൊട്ടുമുകളിലുള്ള ബഹിരാകാശ മേഖലയില്‍ ഭ്രമണം ചെയ്യുന്ന ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും മറ്റ് അവശിഷ്ടങ്ങളും ശുചീകരണ ഉപഗ്രഹം പിടിച്ചെടുക്കുകയും പിന്നീട് ഭൂമിയിലെത്തിച്ച് സമുദ്രത്തില്‍ തള്ളുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേദ മിസൈല്‍ പരീക്ഷണം വലിയ മലിനീകരണം സൃഷ്ടിച്ചിരുന്നു. കമ്മീഷന്‍ ചെയ്യാത്ത ഒരു കാലാവസ്ഥാ ഉപഗ്രഹമാണ് ചൈന പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ത്തത്. ഇതിന്റെ ഒന്നര ലക്ഷത്തോളം കഷ്ണങ്ങളാണ് ബഹിരാകാശത്ത് ഒഴുകി നടക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിനു ഉപഗ്രഹ ഭാഗങ്ങളാണ് ബഹിരാകാശത്തില്‍ ഭീഷണിയുയര്‍ത്തി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.